X
    Categories: CultureMoreViews

ഞാന്‍ മോദി വിരുദ്ധന്‍, അമിത് ഷാ വിരുദ്ധന്‍; അവരൊന്നും ഹിന്ദുക്കളല്ല: പ്രകാശ് രാജ്

ഹൈദരാബാദ്: ഭരണഘടന തിരുത്തുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും രാജ്യത്ത് ഹിന്ദുത്വ ശക്തികള്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിച്ചിരിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായും യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പ്രകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ (ശക്തി ദുര്‍ഗ) സിനിമക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ആക്രമണങ്ങളെ പ്രതിപാദിക്കവെയാണ് പ്രകാശ് രാജ് പ്രധാനമന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. സെക്‌സി ദുര്‍ഗ എന്ന സിനിമ ഹിന്ദു വിരുദ്ധമാണെന്നു പറയുന്നതില്‍ യുക്തിയില്ലെന്നു വ്യക്തമാക്കിയ പ്രകാശ് രാജ് എന്തു കൊണ്ട് സെക്‌സി ഫാത്തിമ, സെക്‌സി മേരി തുടങ്ങിയ പേരുകളില്‍ സിനിമ ഉണ്ടാകുന്നില്ലെന്ന അവതാരകന്‍ രാഹുല്‍ കന്‍വലിന്റെ ചോദ്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘താങ്കളുടെ ചോദ്യം ഉചിതമല്ല. (സനല്‍ കുമാര്‍) ഒരു സിനിമ ചെയ്തു. അതിന്റെ പേരാണ് സെക്‌സി ദുര്‍ഗ എന്നത്. ഫാത്തിമയെ പറ്റിയോ മേരിയോ പറ്റിയോ വിഷയം ഇല്ലാത്തതിനാലാണ് അവരെപ്പറ്റി സിനിമ ചെയ്യാത്തത്. അവര്‍ (സിനിമക്കെതിരെ പ്രക്ഷോഭം നയിച്ചവര്‍) താങ്കളുടെ ചോദ്യത്തിന് മറുപടി നല്‍കില്ല. അവര്‍ക്ക് ദുര്‍ഗ വൈനിനെപ്പറ്റി പ്രശ്‌നമൊന്നുമില്ല. മട്ടന്‍ ഷോപ്പിന് ദുര്‍ഗ എന്നും ശിവ എന്നുമൊക്കെ പേരിടുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല.

‘സിനിമയിലൂടെ ഒരു കാര്യം പറയാന്‍ ശ്രമിക്കുന്ന സംവിധായകനാണ് അതിന് പേര് കണ്ടെത്തുക. അതിന് നിങ്ങളുടെ ഭാവനയുടെയും വ്യാമോഹങ്ങളുടെയും ആവശ്യമില്ല. ഞാന്‍ ‘വിശുദ്ധ ഫാത്തിമ’ എന്നൊരു സിനിമ ചെയ്തു എന്നുവെക്കുക; നിങ്ങള്‍ക്കെന്താണ്?’

‘ആ സിനിമ ഹിന്ദുക്കള്‍ക്കെതിരെയാണ് ചെയ്തതെങ്കില്‍ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടാകുമായിരുന്നു. സംവിധായകന്‍ പറയുന്നു, അതില്‍ ഹിന്ദുവിരുദ്ധമായി ഒന്നുമില്ലെന്ന്.’ – പ്രകാശ് രാജ് പറഞ്ഞു.

ഹിന്ദുക്കള്‍ക്കെതിരായി സംസാരിച്ചതിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാറില്‍ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റി എന്ന വിമര്‍ശനത്തെ പരിഹാസത്തോടെയാണ് പ്രകാശ് രാജ് നേരിട്ടത്.

‘കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ അഞ്ചു ഭാഷകളിലായി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചയാളാണ് ഞാന്‍. ഞാന്‍ എത്ര പണം സമ്പാദിച്ചിട്ടുണ്ടാവും? എത്ര ഏക്കര്‍ ഭൂമി ഞാന്‍ സ്വന്തമായി വാങ്ങിയിട്ടുണ്ടാവും? എന്നിട്ടും എച്ച്.എസ്.ആര്‍ ലേഔട്ടിലെ തുണ്ടുഭൂമി സര്‍ക്കാറില്‍ നിന്ന് സൗജന്യം പറ്റി എന്നു പറയുമ്പോള്‍ അവര്‍ എത്രമാത്രം ഗതികെട്ടവരായിരിക്കും…’ പ്രകാശ് രാജ് ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: