X

‘ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’: ജയസൂര്യ

ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ ജയസൂര്യ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസില്‍ ചോദ്യം ചെയ്യലിന് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു. കേസില്‍ നേരത്തെ സാങ്കേതികമായി ജയസൂര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത്. 2008ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെ തന്നെ അപമാനിച്ചുവെന്ന് ആലുവ സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടുമണിക്കൂറോളം ഒരു പാട്ടിന്റെ ചിത്രീകരണം മാത്രമാണ് നടന്നതെന്നും അതില്‍ പരാതിക്കാരിയ്ക്ക് അത്ര റോളുണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

2013ല്‍ നടന്ന ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസ് അടിസ്ഥാന രഹിതമാണെന്നും 2013ല്‍ ആ സിനിമ ഷൂട്ട് ചെയ്തിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും നടന്‍ പറഞ്ഞു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ യുവതി പരാതി നല്‍കിയത്. പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

webdesk17: