അഭിവന്ദ്യ പിതാവിന്റെ വിടവാങ്ങലിന് ഒരാണ്ടു തികയുന്നു. പിതാവില്ലാത്ത ഒരു വര്‍ഷം മകന്‍ എന്ന നിലയില്‍ എനിക്കോ കുടുംബത്തിനോ മാത്രമല്ല സമൂഹത്തിനും സമുദായത്തിനും വലിയ വിടവ് തന്നെയായിരുന്നു. തിരക്കില്‍നിന്നും തിരക്കിലേക്കുള്ള നിലക്കാത്ത പ്രവാഹം പോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. രോഗ നിര്‍ണയത്തിനു ശേഷമാണ് വിശ്രമം ലഭിച്ചത്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലും സമുദായ നേതാവെന്ന നിലയിലും എന്നും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ആവലാതിക്കാര്‍ക്ക് നടുവിലുമായി സദാ തിരക്കിലായിരുന്നു പ്രിയപിതാവ്. ബാപ്പയുടെ അനുഭവങ്ങള്‍, ബാല്യ കൗമാരങ്ങളിലെ നൊമ്പരങ്ങള്‍, പൂര്‍വികരുടെ പ്രചോദിതമായ ജീവചരിത്രങ്ങള്‍, ഏതു പ്രതിസന്ധി ഘട്ടത്തിലും എങ്ങനെ ജീവിക്കണമെന്നും സത്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അസ്വസ്ഥതകള്‍ സ്വാഭാവികമാണെന്നും ആ സമയത്ത് പ്രവാചക ജീവിതാനുഭവങ്ങളിലേക്ക് ചിന്തകളെ കൂടുതല്‍ തിരിക്കണമെന്നും അപ്പോള്‍ ഒരു പ്രതിസന്ധിയും ബാധിക്കില്ലെന്നും തന്റെ ജീവിതാനുഭവം അതാണെന്നും എന്നെ ബോധ്യപ്പെടുത്തി. എന്റെ ജീവിതത്തിന് ഊര്‍ജ്ജം പകര്‍ന്നുനല്‍കിയതും അവസാന നിമിഷങ്ങളില്‍ പിതാവിനൊപ്പമുള്ള ആ ദിനരാത്രങ്ങളായിരുന്നു.
കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലില്‍നിന്ന് അങ്കമാലിയിലെ ലിറ്റില്‍ #വര്‍ ഹോസ്പിറ്റലില്‍ എത്തിയ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ ഇടപെടല്‍ കൊണ്ട് ഞാനും സുഹൃത്ത് ഹമീദ് പാറമ്മലും ബാപ്പയുമായി ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും അവിടെ എല്ലാം സജ്ജമായിരുന്നു. ഹൃദയസ്പര്‍ശമായ പെരുമാറ്റമായിരുന്നു ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. മൂന്നു മണിക്കൂറോളം ഞങ്ങള്‍ രണ്ടുപേരും ഐ.സി.യുവില്‍ കൂടെയിരുന്നു. പിന്നീട് റൂമിലേക്ക് മാറ്റി. റൂമിലെത്തിയ ഉടനെ ആദ്യത്തെ സന്ദര്‍ശകനായി അവിടെ എത്തിയത് ഇബ്രാഹിം കുഞ്ഞ് സാഹിബ് ആയിരുന്നു.
ഇവിടെ എത്തിയശേഷം കൗണ്ട് വര്‍ധിക്കുകയും ആരോഗ്യത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. ചികിത്സയില്‍ ബാപ്പയും ഞങ്ങളും സംതൃപ്തരായി മുന്നോട്ടുപോകുമ്പോള്‍ പതിമൂന്നാം ദിവസം രാവിലെ ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. ഐ.സി.യുവിലേക്ക് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാവിലെ അല്‍പം അവശനായിരുന്നെങ്കിലും ഉച്ചയോടുകൂടി എന്നോടും ജ്യേഷ്ഠനോടും സഹോദരിമാരോടും സംസാരിച്ചു. അന്ന് രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും എത്തി. എളാപ്പ സാദിഖലി തങ്ങള്‍, അബ്ബാസ് അലി തങ്ങള്‍, റഷീദ് അലിയും ഹമീദലിയും, ബഷീര്‍ അലിയും മുനവ്വറലിയും. അങ്ങിനെ ജ്യേഷ്ഠന്‍ന്മാരും എളാപ്പമാരും എല്ലാവരും വന്നു ബാപ്പയെ കണ്ടു. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി രാത്രി തിരിച്ചുപോയി. ആ രാത്രി ജ്യേഷ്ഠന്‍ നഈമായിരുന്നു കൂട്ടിരുന്നത്. സുബഹി നമസ്‌കാരാനന്തരം ഞാനും ഹമീദും വന്നു. സുബഹി സമയം മനസ്സില്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ വാപ്പയുടെ കൈപിടിച്ച് ബാപ്പാക്ക് സന്തോഷമുള്ള ചില കാര്യങ്ങള്‍ സംസാരിച്ചു ചെറുപുഞ്ചിരിയോടെ എന്നെ നോക്കി കേട്ടുകൊണ്ടിരുന്നു.
തലേദിവസത്തേതിലും ആരോഗ്യസ്ഥിതിയില്‍ മാറ്റം തോന്നി. 10 മണിയായപ്പോള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. ബാപ്പയോട് ആശ്വാസകരമായ ഡോക്ടര്‍മാരുടെ സന്ദേശം അറിയിച്ചു. പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി പ്രിയ പിതാവിന്റെ നെറ്റിയില്‍ ഉമ്മവെച്ച് കൈകള്‍ പരസ്പരം ചേര്‍ത്തുപിടിച്ചു, ആ പിടുത്തത്തിലും ആ നോട്ടത്തിലും ഒരു ആയുസ് കാലത്തേക്കുള്ള അനുഗ്രഹങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു. 12 മണിക്ക് ശേഷം പ്ലാസ്മയുടെ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ഞാനും ഹമീദും എറണാകുളം ലീഗ് സെക്രട്ടറി ഹംസ സാഹിബിനെ പ്ലാസ്മ അറേഞ്ച് ചെയ്യുന്നതിന്‌വേണ്ടി സംസാരിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് പി.ആര്‍.ഒ ബാബു ഹമീദിനെ വിളിച്ചു വേഗം വരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഐ.സി.യുവില്‍ എത്തിയപ്പോള്‍ പ്രതീക്ഷ കൈവിട്ട ലക്ഷണങ്ങളായിരുന്നു. പ്രിയ പിതാവിന്റെ തലമുടിയിലൂടെ വിരല്‍ ഓടിച്ചു ചെവിയില്‍ തൗഹീദിന്റെ മന്ത്രം ഉരുവിട്ടു. എല്ലാം ഉറപ്പിച്ച പ്രിയപിതാവ് പുഞ്ചിരിയോടെ നാഥനിലേക്ക് യാത്രയായി.
കുളിരേകുന്ന തണലില്‍നിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണല്‍ മാഞ്ഞു പോയിരിക്കുന്നു, എന്റെ കണ്ഠമിടറി കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച, വെറുക്കാന്‍ അറിയാത്ത, വഴക്കിടാന്‍ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാന്‍ കഴിഞ്ഞതാണെന്റെ ജന്മ സുകൃതം. ഇന്നലെ കഴിഞ്ഞ പോലെ ആ ദിവസം മറക്കാന്‍ കഴിയില്ല. ജേഷ്ഠന്‍ നഈമും ഹമീദും ആ സമയത്ത് ആശ്വാസമായി കൂടെയുണ്ടായിരുന്നു.
മാര്‍ച്ച് ആറിന് (ശഅബാന്‍ 2) 12:25 നാണ് വഫാത്ത് സംഭവിച്ചത്. ഐ.സി.യുവിന് പുറത്ത് എല്ലാത്തിനും മൂകസാക്ഷിയായി പ്രിയപ്പെട്ട മാതാവും ബാപ്പയുടെ ഖിദ്മത്തുകള്‍ ചെയ്തിരുന്ന അവറാനും നില്‍പ്പുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ ഇബ്രാഹിം കുഞ്ഞ് സാഹിബ്, മകന്‍ ഗഫൂര്‍ സാഹിബ്, നാലകത്ത് സൂപ്പി സാഹിബ് എന്നിവര്‍ മറ്റു കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാപ്പയുടെ വിയോഗം പുറത്തറിഞ്ഞതോടെ ഹോസ്പിറ്റല്‍ പരിസരം ബാപ്പയെ സ്‌നേഹിക്കുന്നവരുടെ ഒഴുക്കായി. ഇന്നും ഓരോ സാധാരണക്കാരനും എന്റെ കയ്യില്‍ പിടിച്ചു ബാപ്പയുടെ വിയോഗത്തെക്കുറിച്ചും വിടവിനെ കുറിച്ചും സംസാരിക്കുമ്പോള്‍ അറിയാതെ ഹൃദയത്തില്‍ വിങ്ങലാണ്. അത്രമാത്രം പ്രിയ പിതാവിനെ ഹൃദയത്തിലേറ്റിയവരാണ് നിങ്ങളെല്ലാരും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് ഞങ്ങളുടെ ബലം.