ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ്, മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭരണഘടനാ ശില്‍പികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഇല്ലാത്തതല്ല ഇപ്പോഴത്തെ മുഖ്യ പ്രശ്‌നം. ദാരിദ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മ്മാജനം ചെയ്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ത്തിയെടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത. വിവിധ മത-ജാതി-സംസ്‌കാരങ്ങളുടെയും വിശാസ-ആചാരങ്ങളുടെയും വൈവിധ്യങ്ങളാണ് നമ്മുടെ സൗന്ദര്യം. അതില്ലാതാക്കി ഏതെങ്കിലും നിയമം അടിച്ചേല്‍പ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. രാജ്യത്തെ സമാധാന അന്തരീക്ഷം തകരാന്‍ ഇതു കാരണമാവുമെന്ന ആശങ്ക നിസ്സാരമല്ല.
ഭരണഘടനയുടെ 44-ാം അനുഛേദം ഏകീകൃതസിവില്‍ നിയമത്തിനായി പരിശ്രമിക്കാവുന്നതാണെന്നാണ് പറയുന്നത്. ഇതിനെ പൊക്കിപ്പിടിക്കുന്നവര്‍ മത സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് മുതലെടുക്കാമെന്നാണ് സംഘാപരിവാരിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും കണക്കുകൂട്ടല്‍. ദളിത്-ആദിവാസി വിഭാഗങ്ങളുടെയും ക്രൈസ്തവ-ജൈന-ബുദ്ധ വിഭാഗങ്ങളുടെ യോജിച്ച ഉണര്‍വ്വാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ദേശീയ നിയമ കമ്മീഷന്‍ ജനങ്ങള്‍ക്ക് മുമ്പാകെ 16 ഇന ചോദ്യവലി നല്‍കിയത് വെറും കണ്‍കെട്ടു വിദ്യയാണ്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയൊക്കെ ഒരേ നിയമത്തിന് കീഴില്‍ ആക്കേണ്ടതാണോ എന്നതാണ് കമ്മീഷന്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മുത്തലാഖ് നിരോധിക്കണോ, ഹിന്ദു സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം ഉറപ്പാക്കണോ, ക്രിസ്ത്യന്‍ വിവാഹമോചനത്തിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് വിവേചനമല്ലേ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്‍ അഭിപ്രായം തേടുന്നു.
സാമൂഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അവരുടെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കാനാണ് ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒന്നാക്കിയത്. ഇക്കാര്യത്തില്‍ വിവിധ മതങ്ങളുടെ നിയമങ്ങളില്‍ വ്യത്യസ്തതകളുണ്ടെങ്കിലും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താണ് ജനാധിപത്യ-മതേതര രാജ്യമായ ഇന്ത്യയെ നെഞ്ചോട് ചേര്‍ത്ത് എല്ലാ വിഭാഗങ്ങളും മുഖ്യധാരയില്‍ അലിഞ്ഞു ചേര്‍ന്നത്. നിലവില്‍ വിവിധ മത-ജാതികള്‍ സ്വന്തം വിശ്വാസ ആചാരങ്ങള്‍ പ്രകാരം ഏഴു പതിറ്റാണ്ടോളം ജീവിച്ച യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്നു നടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിശ്വാസ-ആചാരങ്ങളെന്ന മര്‍മ്മം സംരക്ഷിച്ച് ഭരണഘടനാ ശില്‍പികള്‍ തന്നെ രാജ്യത്തിന്റെ വൈവിധ്യമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളുകയായിരുന്നുവെന്നതാണ് വസ്തുത. ഇപ്പോഴും ആ അന്തരീക്ഷത്തിന് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍, പലരും വോട്ടുബാങ്ക് രാഷ്ട്രീയത്തിയത്തിന് ഏകസിവില്‍ കോഡിനെ ആയുധമാക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.