തേഞ്ഞിപ്പലം: വിദ്യാഭ്യാസമാണ് സമൂഹത്തെ അച്ചടക്കമുള്ളവരാക്കി തീര്‍ക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേളാരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥീ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കണം. മനുഷ്യ വികാസത്തിന്റെ അടിത്തറ അറിവാണെന്നും സമൂഹ പുരോഗതി കൈവരിക്കാന്‍ അറിവ് അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.
ശാസ്ത്ര രംഗത്തുണ്ടായ കുതിച്ചുചാട്ടം മനുഷ്യന്റെ ആഴത്തിലുള്ള അറിവിനെ ബോധ്യപ്പെടുത്തുന്നു. അറിവിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. അതുകൊണ്ട് തന്നെയാണ് അറിവിനെ വികസിപ്പിക്കാനുള്ള ദൗത്യം സമസ്ത നിറവേറ്റുന്നത്. മദ്രസാ പ്രസ്ഥാനവും അധ്യാപകരും അതിന്റെ ചാലകശക്തികളാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിര്‍മ്മിച്ച മുഅല്ലിം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. എസ്.കെ.എസ് ബി വി സുവനീര്‍ മൂന്നിയൂര്‍ ഹംസ ഹാജിക്ക് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. സാരഥീ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം എം മുഹ് യിദ്ദീന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. വെബ്‌സൈറ്റ് ലോഞ്ചിംഗ് പി.അബ്ദുല്‍ ഹമീദ് എം എല്‍ എ നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃകാ മുഅല്ലിം അവാര്‍ഡ് വിതരണം എം ടി അബ്ദുള്ള മുസ്‌ലിയാരും ഉപഹാര സമര്‍പ്പണം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും തീസീസ് അവാര്‍ഡ് ദാനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനും നിര്‍വഹിച്ചു. ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം എ ചേളാരി, എസ് വി.മുഹമ്മദലി മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക് സംസാരിച്ചു.