X

പെരിന്തല്‍മണ്ണയില്‍ ഹൈദരലി തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമി;ജൂലായ് രണ്ടാം വാരം ക്ലാസ് ആരംഭിക്കും

മലപ്പുറം: ‘ക്രിയ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിക്കുമെന്ന് നജീബ് കാന്തപുരം എം .എല്‍.എ. അക്കാദമിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേര് നല്‍കുമെന്നും കേരളത്തിലെ ആദ്യ സമ്പൂര്‍ണ സൗജന്യ സിവില്‍ സര്‍വീസ് അക്കാദമിയായിരിക്കും ഇതെന്നും എം. എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലബാര്‍ മേഖലയിലെ സിവില്‍ സര്‍വീസ് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് റസിഡന്‍ഷ്യല്‍ കോച്ചിങ്ങുമായി അക്കാദമി സജ്ജമാകുന്നത്. ഓരോ വര്‍ഷവും നൂറു പേര്‍ക്കാണ് പ്രവേശനം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരില്‍ നിന്ന് എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണ് അര്‍ഹരെ തിരഞ്ഞെടുക്കുക. താല്‍പര്യമുള്ള ബിരുദധാരികള്‍ civil services .krea@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും അയക്കണം. വിശദ വിവരങ്ങള്‍ 9846 653 258, 6235 577 577 നമ്പറുകളില്‍ ലഭിക്കും.

എസ്.സി, എസ്.ടി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗ പരിമിതര്‍, ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കും. നേരത്തെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഐ.എസ്.എസ് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് സിവില്‍ സര്‍വീസസ് അക്കാദമിക്ക് വേണ്ടി സ്ഥലം വിട്ട് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കുന്ന ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യയിലെ ആദ്യ നിയോബാങ്കിങ് കമ്പനിയും കേരളത്തില്‍ നിന്നുള്ള ആദ്യത്തെ യൂണികോണ്‍ സ്ഥാപനവുമായ ഓപണും അക്കാദമിയുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് എം.എല്‍. എ കൂട്ടിച്ചേര്‍ത്തു.

ജൂലായ് രണ്ടാം വാരം ക്ലാസുകള്‍ ആരംഭിക്കും. മെയ് 14 നു പെരിന്തല്‍മണ്ണയില്‍ ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ അരുണ സുന്ദരരാജന്‍ ഐ.എ.എസ്, മുഹമ്മദ് ഹനീഷ് ഐ.എ.എസ് പങ്കെടുക്കും. സിവില്‍ സര്‍വീസ് വഴി മലബാറിലെ വിദ്യാര്‍ഥികളെ രാഷ്ട്ര നിര്‍മാണത്തി ല്‍ പങ്കാളിയാക്കുകയാണ് ലക്ഷ്യമെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. സംഗീത് കെ ആണ് പ്രൊജക്ട് ഡയറക്ടര്‍. വാര്‍ത്താസമ്മേളനത്തില്‍ ഐ.എസ്.എസ് ചെയര്‍മാന്‍ ഡോ. ഉണ്ണീന്‍, ഫൈസല്‍ ആന്റ് ശബാനാ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.

Test User: