X

ചെര്‍ക്കളത്തിന്റെ നിര്യാണം കനത്ത നഷ്ടം: ഹൈദരലി തങ്ങള്‍

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതരംഗങ്ങളില്‍ പുരുഷായുസ്സ് മുഴുവന്‍ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെര്‍ക്കളം കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു.

മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിളക്കമുറ്റിയതാണ്. പാര്‍ട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തല്‍പ്പരനായിരുന്നു. മുസ്‌ലിംലീഗ് യോഗങ്ങളില്‍ ഒരിക്കല്‍ പോലും അവധി പറഞ്ഞിരുന്നില്ല.

കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീര്‍ഘകാലം നിയമസഭാ സാമാജികനായി ചെര്‍ക്കളം കാഴ്ച്ചവെച്ച കര്‍മമണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്ന അദ്ദേഹം ആര്‍ക്കു മുന്നിലും ആദര്‍ശം പണയം വെച്ചിരുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു.

chandrika: