രാജ്യം ഉറ്റുനോക്കുന്ന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് നേതൃത്വത്തിൽ പോരാടാനുറച്ച് ഇന്ത്യ മുന്നണി. എൻ.എസ്.യു.ഐയും ഐസയും എം.എസ്.എഫും ഒന്നിക്കുന്നതോടെ നേട്ടങ്ങൾ കൊയ്യാനാകുമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷ.
മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി എംഎസ്എഫ് പ്രതിനിധി മുന സൽദാന മത്സരിക്കും. രാജ്യത്തെ ഉന്നത കലാലയങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഹൈദരാബാദ് സർവകലാശാല അവകാശ പോരാട്ടങ്ങൾക്ക് ഏറെ സാക്ഷ്യം വഹിച്ച ഭൂമികയാണ്. രോഹിത് വെമുലയുടെ രക്തസാക്ഷിത്വം വളമേകിയ പോരാട്ടഭൂമിയെ വീര്യം ചോരാതെ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യാ മുന്നണിക്കാകുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകാൻ വിദ്യാർത്ഥികൾ ഉറപ്പിച്ചു കഴിഞ്ഞു.
വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിലും ഒരു യൂണിയൻ എന്ന നിലയിൽ അമ്പേ പരാജയമായ എസ്എഫ്‌ഐ – എഎസ്എ സഖ്യത്തിന്റെ അവസരവാദ രാഷ്ട്രീയത്തോടും സ്വന്തം പക്ഷത്തെ പടലപ്പിണക്കങ്ങൾ കാരണം പ്രതിസന്ധിയിലായ എബിവിപി മുന്നോട്ടു വെക്കുന്ന വർഗീയ രാഷ്ട്രീയത്തോടും മുഖം തിരിക്കുന്ന വിദ്യാർത്ഥികൾ ഇത്തവണ ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റാനുള്ള ഉറച്ച തീരുമാനത്തിലാണ്.
ജനറൽ പോസ്റ്റുകളിലേക്ക് പുറമെ വിവിധ സ്‌കൂളുകളിലേക്കും കടുത്ത പോരാട്ടമാണ് മുന്നണി കാഴ്ച വെക്കുന്നത്. എംഎസ്എഫ് പ്രതിനിധികളായ മുഹമ്മദ് ഷാദിലും ഹാദി മുഹമ്മദും ഇന്റഗ്രേറ്റഡ് സ്‌കൂൾ ബോർഡിലേക്കുള്ള പ്രചാരണത്തിലാണ്. സ്‌കൂൾ ഓഫ് കെമിസ്ട്രിയിലേക്ക് തമീസ് മർജാനും മെഡിക്കൽ സയൻസിലേക്ക് നജ് വ നെയ്യപ്പാടനും എംഎസ്എഫ് സാരഥികളായി മത്സരിക്കും. പ്രചാരണത്തിന്റെ തുടക്കം മുതൽ ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന മികച്ച വിദ്യാർത്ഥി പിന്തുണ ശ്രദ്ധേയമാണ്.