2013 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ 18 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. യാസീന്‍ ഭട്കല്‍, പാകിസ്താന്‍ പൗരന്‍ സിയാവുര്‍ റഹ്മന്‍, അസദുല്ലാ അഖ്തര്‍ (ഹദ്ദി), തഹ്‌സീന്‍ അഖ്തര്‍ (മോനു), അയ്ജാസ് സഈദ് ഷൈഖ് എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ ഇവര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഹൈദരാബാദിലെ ദില്‍ക്കുഷ് നഗറില്‍ പ്രതികള്‍ ഇരട്ട സ്‌ഫോടനം നടത്തി എന്നാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, കുറ്റകരമായ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നത്. കേസ് അന്വേഷിച്ച എന്‍.ഐ.എ ഭട്കല്‍, അസദുല്ല എന്നിവരെ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചും തഹ്‌സീന്‍, സിയാ എന്നിവരെ രാജസ്ഥാനില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.
വിചാരണക്കിടെ 157 സാക്ഷികളെ വിസ്തരിക്കുകയും 173 വസ്തുക്കളടക്കം 486 തെളിവുകള്‍ ഹാജരാക്കുകയും ചെയ്തതായി എന്‍.ഐ.എ പറഞ്ഞു.