ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയില്‍ തുടരുകയാണ്.
് നഗരത്തെ നടുക്കിയ കൂട്ടമാനഭംഗക്കേസില്‍ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സഹപാഠികളായ സാദുദ്ദീന്‍ മാലികി(18)നേയും പ്രായപൂര്‍ത്തി എത്താത്ത രണ്ടു പ്രതികളേയുമാണ് അറസ്റ്റു ചെയ്തത്. ഇവരെക്കൂടാതെ രണ്ടു പ്രതികളെക്കൂടി പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മെയ് 28നാണ് 17 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായത്. സഹപാഠിയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പബിലെത്തിയ ശേഷം മടങ്ങവെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി സൃഹുത്തുക്കളാണ് പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പാര്‍ട്ടി നടന്ന പബിനു മുന്നില്‍ തന്നെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
അമ്മയെ വിളിച്ചുവരുത്തിയാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. ശരീരത്തിലെ മുറിവുകള്‍ കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ രണ്ടു ദിവസത്തിനു ശേഷമാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് പിതാവ് ജൂണ്‍ ഒന്നിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ഭരണ കക്ഷി എം.എല്‍.എയുടെ മകനാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മന്ത്രിയുടെ പേരക്കുട്ടിയും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്ത പുറത്തു വന്നെങ്കിലും ഇക്കാര്യം പൊലീസ് നിഷേധിച്ചു. അതേസമയം കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പബില്‍ നിന്ന് പെണ്‍കുട്ടിയെ കയറ്റി പോകുമ്പോള്‍ മറ്റൊരു വാഹനം ഇവരെ പിന്തുടര്‍ന്നിരുന്നതായി പബിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതാനും ദൂരം പോയ ശേഷം ഒരു ബേക്കറിയില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങിയ ശേഷമാണ് സംഘം യാത്ര തുടര്‍ന്നത്.
ഇതിനിടെ കാര്‍ ഡീസല്‍ തീര്‍ന്ന് ഓഫായെന്ന് പറഞ്ഞ്് വിശ്വസിപ്പിച്ച് ഇവര്‍ പെണ്‍കുട്ടിയുമായി പിന്നാലെ വന്ന അല്‍പം വലിയ വാഹനത്തില്‍ കയറി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കാറിലിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. ഐ. പി.സി 354 (സ്ത്രീക്ക് മാനഹാനിയുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കല്‍) വകുപ്പ് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് 376 (ഡി) (കൂട്ടമാനഭംഗം), 323 (ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), പോക്‌സോ കേസിലെ അഞ്ച്, ആറ് വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.