X

ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ്; 7 റണ്‍സ് ജയം

ദുബായ്: ഐപിഎല്ലില്‍ ചെന്നൈക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് ജയം. ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ രണ്ടാം ജയമാണ് ഹൈദരാബാദിന്റേത്.

26 പന്തില്‍ 51 റണ്‍സെടുത്ത പത്തൊമ്പതു വയസുകാരന്‍ പ്രിയം ഗാര്‍ഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഗാര്‍ഗിന്റെ കന്നി ഐപിഎല്‍ അര്‍ധസെഞ്ച്വറിയാണിത്. 24 പന്തില്‍ 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയും ഹൈകദരാബാദിനായി തിളങ്ങി. ചെന്നൈക്കായി ദീപക് ചാഹര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ഷാര്‍ദൂല്‍ താക്കൂര്‍, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ചെന്നൈക്കായി രവീന്ദ്ര ജഡേജ അര്‍ധസെഞ്ച്വറി നേടി. 36 പന്തില്‍ 47 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോണി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി ടി നടരാജന്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ഇന്നത്തെ മത്സരത്തോടെ ധോണി മറ്റൊരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം. ഇന്നത്തേതുള്‍പെടെ 194 ഐപിഎല്‍ മത്സരങ്ങളാണ് ധോണി കളിച്ചിട്ടുള്ളത്.

web desk 1: