നൈര്‍മല്യം എന്ന വാക്കിന്റെ പര്യായ പദങ്ങളിലൊന്നാണ് പാണക്കാട്. പ്രാന്തവല്‍കരിക്കപ്പെട്ടവരോടും ഇതര മതസ്ഥരോടുമുള്ള ഒടുങ്ങാത്ത സ്‌നേഹം, അളവറ്റ അനുകമ്പ, കയ്യിലുള്ളതിനപ്പുറം പകര്‍ന്നുനല്‍കുന്ന മഹാകാരുണ്യം, സര്‍വസങ്കടങ്ങളും അലിഞ്ഞില്ലാതാകുന്ന ആത്മീയസ്പര്‍ശം. ആ മഹത്തായ തറവാട്ടില്‍ നിന്നൊരു കൈത്താങ്ങ്കൂടി അടര്‍ന്നുവീണിരിക്കുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന ന്യൂനപക്ഷ കൈരളിയുടെ വടവൃക്ഷം, മതേതരത്വത്തിന്റെ മാസ്മരപ്രതീകം ദൈവസന്നിധി പൂകുമ്പോള്‍ അത് മുസ്‌ലിംകള്‍ക്കോ ന്യൂനപക്ഷങ്ങള്‍ക്കോ മാത്രമല്ല, ഒരു രാഷ്ട്രവും ജനതയും ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കേറ്റ കനത്ത ക്ഷതമാകുന്നു. ഇന്നലെ രാവിലെ പൊലിഞ്ഞത് മുസ്‌ലിംലീഗിന്റെ സംസ്ഥാന അമരക്കാരനെന്നതിലുപരി മതേതര കേരളത്തിന്റെ തേജസ്സാര്‍ന്ന സൗമ്യമുഖംകൂടിയാണ്. ജനാധിപത്യ കൈരളിക്കും ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും അതൊരു തീരാനഷ്ടമാകുന്നു. സൂര്യകിരണങ്ങള്‍ പൊടുന്നനെ പോയ്മറഞ്ഞ് ഇരുട്ടു പരന്ന പ്രതീതി.
സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുമുമ്പ് 1947 ജൂണ്‍ 15ന് ന്യൂനപക്ഷ കേരളത്തിന്റെ അത്താണിയായ പാണക്കാട് കുടുംബത്തിലേക്ക് പിറന്നിറങ്ങിയ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ആ മഹിത കുടുംബത്തിന്റെ പാരമ്പര്യവും മാനുഷിക മൂല്യങ്ങളുടെ നൈരന്തര്യവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ചു. തന്റെ മുന്‍ഗാമികളെപോലെ സൗമ്യതയോടെയും പാകതയോടെയുമായിരുന്നു അതെന്നതിന് തെളിവായിരുന്നു മുസ്‌ലിം സമുദായമൊന്നടങ്കം കൈവെള്ളയിലെ മുത്തുകളെപോലെ ഹൈദരലി തങ്ങളുടെ കരങ്ങളില്‍ അഭയംതേടിയത്. വലിയവെല്ലുവിളികള്‍ നേരിട്ടതായിരുന്നു ഹൈദരലിതങ്ങളുടെയും നേതൃകാലഘട്ടം. നീണ്ട 12 വര്‍ഷം മുസ്‌ലിംലീഗിന്റെ സംസ്ഥാനത്തെ അമരക്കാരനാകുക എന്നതിലപ്പുറം ദേശീയതലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണത്തിന്റെ താക്കോല്‍കൂടിയായിരുന്നു ആ വിശ്വസ്തകരങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത്. ജ്യേഷ്ഠ സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗമാണ് ഹൈദരലി ശിഹാബ് എന്ന പാണക്കാട്ടെ ആറ്റപ്പൂവിലേക്ക് മുസ്‌ലിംലീഗിന്റെ അമരം കൈമാറ്റം ചെയ്യപ്പെടാനിടയാക്കിയത്. ഇസ്‌ലാമിക പാണ്ഡിത്യനിരയില്‍ സമുദായത്തിന്റെ പ്രബോധനവും മഹല്ലുകളുടെ ഭരണവും ഏറ്റെടുത്തിരിക്കവെയായിരുന്നു ഈ അധികാരക്കൈമാറ്റം. പിതാവിനെയും ജ്യേഷ്ഠനെയുംപോലെ ആ അധികാരം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാനും കൊണ്ടുനടക്കാനും അദ്ദേഹത്തിനായി. ബാബരിമസ്ജിദ് ധ്വംസനാനന്തരമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭീഷണികളും വെല്ലുവിളുകളും മതേതര രാഷ്ട്രത്തിന്റെ ആകുലതകളും അഭിമുഖീകരിക്കേണ്ട ഉത്തരവാദിത്തംകൂടി ഹൈദരലി തങ്ങളിലായി. വലിയ കലാപങ്ങള്‍ക്കും കൊടിയ ജീവനാശനഷ്ടങ്ങള്‍ക്കും ഇരയാകുന്ന സമുദായങ്ങളെ നോക്കി നെടുവീര്‍പ്പിടുന്നതിനോടൊപ്പം അവരുടെ രക്ഷക്കും സുരക്ഷക്കുമായി ഭരണസിരാകേന്ദ്രങ്ങളില്‍ മുട്ടാനും ആയത് നേടിയെടുക്കാനും ഒരുപരിധിവരെ തങ്ങളുടെ നേതൃത്വത്തിന് കഴിഞ്ഞു. യുവാക്കളില്‍ തീവ്രവാദചിന്ത അങ്കുരിപ്പിക്കുമാറ് ഭരണകൂടങ്ങളില്‍നിന്ന് വലിയ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായപ്പോള്‍ അവരെ സമുദായത്തിന്റെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും മുഖ്യധാരയില്‍ യോജിപ്പിച്ചുനിര്‍ത്താന്‍ പാണക്കാട്ടെ ആറ്റപ്പൂവിന് സാധിച്ചു. അതുകൊണ്ടുതന്നെ ഭരണാധികാരം കയ്യാളാതിരുന്നിട്ടും മുസ്‌ലിം സമുദായത്തിനും മുസ്‌ലിംലീഗിനും കേരളത്തിലും തമിഴ്‌നാട്ടിലുമെങ്കിലും ആവുന്നത്ര സുരക്ഷിതത്വബോധം പകരാന്‍ തങ്ങളുടെ നേതൃപാടവത്തിനായി.
വലിയ വാചകക്കസര്‍ത്തുകളോ സംസ്‌കൃതബന്ധിയായ വാചാടോപങ്ങളോ അല്ല നമ്മള്‍ ആ നാവില്‍നിന്ന് കേട്ടത്. എല്ലാം ശ്രവിക്കുന്ന പരിണതപ്രജ്ഞനായ പിതാവിനെ നാം തങ്ങളില്‍ ദര്‍ശിച്ചപ്പോള്‍ മറ്റു ചിലപ്പോള്‍ മാനുഷികവും മതപരവുമായ മൂല്യങ്ങളില്‍ കടുകിട വ്യതിചലിക്കാനാനുവദിക്കാത്ത കാര്‍ക്കശ്യക്കാരനായ നേതാവിനെയും നാം ആ വ്യക്തിത്വത്തില്‍ കണ്ടു. അതുകൊണ്ടുതന്നെ സ്വന്തം പാര്‍ട്ടിയിലെയും ഇതരകക്ഷികളിലെയും പ്രസ്ഥാനങ്ങളിലെയും ഉന്നത നേതാക്കള്‍പോലും തങ്ങളോട് ആലോചിച്ചുറപ്പിച്ചേ സംവദിക്കാറുണ്ടായിരുന്നുള്ളൂ. പാര്‍ട്ടി യോഗങ്ങളില്‍ ആറ്റിക്കുറുക്കിയ വാക്കുകളാണ് ആറ്റപ്പൂവില്‍നിന്ന് നേതൃനിര കേട്ടത്. പൊതുസമ്മേളനങ്ങളിലാകട്ടെ സര്‍വരെയും നിശബ്ദരാക്കുന്ന ആശയഗര്‍ഭമായ സൗമ്യതയുടെ വാക്ചാതുരിയും. ചെറിയൊരു പ്രവര്‍ത്തകനും അവിടെ ഇടമുണ്ടായി.
മതപഠനത്തിലും ഭൗതികാഭ്യസനത്തിലും ഒരുപോലെ തല്‍പരനായിരുന്ന ഹൈദരലി തങ്ങള്‍ക്ക് രണ്ടാം വയസ്സുള്ളപ്പോഴാണ് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ അറസ്റ്റും ജയില്‍വാസവും. ഉമ്മയുടെ വിയോഗംകൂടിയായതോടെ ശൈശവകാലത്തെ പരാധീനതകള്‍ കാരണം തീര്‍ത്തും ചഞ്ചലമാകുമായിരുന്ന സയ്യിദ് ഹൈദരലിയുടെ ജീവിതത്തെ കൈപിടിച്ചുയര്‍ത്തിയത് സയ്യിദ് മുഹമ്മദലിശിഹാബ്തങ്ങളുടെയും ഉസ്താദുമാരുടെയും സ്‌നേഹവാല്‍സ്യങ്ങളായിരുന്നു. ശംസുല്‍ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നീ ഗുരുവര്യന്മാരിലൂടെ കീഴില്‍ ഫൈസി ബിരുദംനേടി. സഹോദരന്‍ ഉമറലി ശിഹാബ് തങ്ങളെപോലെ രാഷ്ട്രീയത്തിനപ്പുറം മതകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താല്‍പര്യമെങ്കിലും സമുദായം കാത്തുവെച്ച രാഷ്ട്രീയ നിയോഗം എടുത്തണിയേണ്ടിവന്നു. എസ്.എസ്.എഫ് സ്ഥാപക പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാനപ്രസിഡന്റ്, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വൈസ്പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ അടക്കം നൂറുകണക്കിന് മതസ്ഥാപനങ്ങളുടെ പ്രസിഡന്റും ആയിരക്കണക്കിന് മഹല്ലുകളുടെ രക്ഷാധികാരിയും. ഇതിലൊക്കെയപ്പുറം സര്‍വസൗകര്യങ്ങള്‍ക്കും സമ്പത്തിനുമൊപ്പം അന്തിയുറങ്ങുമ്പോഴും ‘ദാറുന്നഈം’ എന്ന ഗൃഹത്തിലേക്കെത്തുന്ന അശരണര്‍ക്കുവേണ്ടി ആഢംബരങ്ങളെല്ലാം ത്യജിച്ച അസുലഭവ്യക്തിത്വം. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടര്‍ എന്നതിലുപരി ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ നല്ലൊരു വായനക്കാരന്‍കൂടിയായിരുന്നു തങ്ങളെന്നതും ഞങ്ങള്‍ സാഭിമാനം സ്മരിക്കുന്നു. ആ അനുപമ തേജസ്സിന് മുന്നില്‍ നമ്രശിരസ്സോടെ ഞങ്ങളും പരലോകശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. പ്രസിദ്ധ എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞതുപോലെ, മഹത്തായ ലക്ഷ്യങ്ങളേക്കാള്‍ മൂല്യവത്തായത് തീരെ ചെറിയ കാരുണ്യഹസ്തമാണ്. അതുമാത്രമാണ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ നമുക്കിനി പകരാനും പകര്‍ത്താനുമുള്ളതും.