X

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതരകക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ ഇപ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു സംസ്ഥാനത്തെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാറിനെ ഒറ്റക്ക് നേരിടാമെന്ന് കരുതുന്ന കക്ഷികള്‍ ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയയാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് കണ്ണടക്കുകയാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തോടും ജനാധിപത്യ വ്യവസ്ഥിതിയോടും മതിപ്പില്ലാത്തവരാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. അവരുടെ ലക്ഷ്യം ഏകമത, ഏക സംസ്‌കാര രാഷ്ട്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അത്തരം ശക്തികള്‍ക്ക് അധികാരത്തില്‍ ഇനിയുമൊരവസരംകൂടി ലഭിക്കുന്നപക്ഷം രാജ്യത്തെ മതേതരത്വവും ജനാധിപത്യ ഭരണക്രമവും നിലനില്‍ക്കുമോ എന്നു കണ്ടറിയണം. ഒരു മതരാഷ്ട്ര- സൈനികഭരണ വ്യവസ്ഥയാണ് സംഘ്പരിവാറിന്റെ ഉന്നം. ഇത് തിരിച്ചറിയുന്നതില്‍ ജനാധിപത്യ കക്ഷികള്‍ അമാന്തം കാണിച്ചാല്‍ ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനതന്നെ അപ്രസക്തമാകും- തങ്ങള്‍ പറഞ്ഞു.
കേവലമായ രാഷ്ട്രീയ ജയാപചയങ്ങള്‍ക്കും ഭരണ നേട്ടങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ ശാശ്വത ഭാവിയായിരിക്കണം ബഹുജന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. അതിന് വിട്ടുവീഴ്ചക്ക് തയ്യാറാവണം. രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരെ അവഗണനയുടെ ചുറ്റുപാടില്‍ നിന്നും ദേശീയ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ദൗത്യവുമാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുസ്‌ലിംലീഗ് നിര്‍വഹിച്ചുവരുന്നത്.
ഈ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതി, ഉദ്യോഗ-ഭരണ പങ്കാളിത്തം എന്നിവക്കെല്ലാംവേണ്ടി നിരന്തര പരിശ്രമത്തിലേര്‍പ്പെട്ട പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കല്‍, അവശരും നിരാലംബരുമായവര്‍ക്ക് ഭവന, ചികിത്സ, പഠന, വിവാഹ സഹായങ്ങള്‍ തുടങ്ങി ആപത്ഘട്ടങ്ങളില്‍ പീഡിത സമൂഹത്തിനായി രാജ്യമെങ്ങും സേവന സന്നദ്ധതയോടെ ഇറങ്ങിത്തിരിക്കുന്ന പ്രസ്ഥാനമാണിത് എന്ന് അഭിമാനത്തോടെ പറയാനാവും. 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് സമ്മാനിച്ച ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി കെ.എം സീതി സാഹിബിന്റെ ചിന്താപദ്ധതികളുമായി ഇറങ്ങിത്തിരിച്ച പ്രസ്ഥാനം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കെ.എം. മൗലവിയും പോക്കര്‍ സാഹിബും ഉപ്പി സാഹിബും സി.എച്ചും സേട്ടു സാഹിബും ബനാത്ത്‌വാലയും ശിഹാബ് തങ്ങളും ഇ. അഹമ്മദ് സാഹിബും വരെയുള്ള നേതാക്കളിലൂടെ പടര്‍ന്ന് പന്തലിച്ച് വലിയ ജനകീയ ശക്തിയായി മാറിയിരിക്കുന്നു. മുസ്‌ലിംലീഗായാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവില്ല എന്ന് പരിഹസിക്കപ്പെട്ടിടത്ത് നിന്ന് ഉന്നതമായ ഭരണ നേതൃത്വത്തിലേക്ക് ലീഗ് പ്രതിനിധികള്‍ എത്തി. രാജ്യത്തെ എല്ലാ ലോക്‌സഭയിലും കേരളത്തിലെ എല്ലാ നിയമസഭയിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടായി.
ഇതെല്ലാം സംശുദ്ധവും സുതാര്യവും ജനപ്രിയവും രാജ്യസ്‌നേഹപരവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ്. ഈ വളര്‍ച്ച രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിക്കും നന്മക്കും കൂടുതല്‍ പ്രയോജനപ്പെടുത്താനായിരിക്കും ഇനിയുള്ള കാലവും മുസ്‌ലിംലീഗ് പ്രയത്‌നിക്കുക. മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷിക ഭാഗമായി നടത്തുന്ന വിപുലമായ സംഘടനാപരിപാടികള്‍ വന്‍ വിജയമാക്കണം.
കര്‍മപഥത്തില്‍ എഴുപത് വര്‍ഷത്തെ നിറവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഏഴുപതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിംലീഗ് എന്ന മഹിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും മതമൈത്രിയും കാത്തുസൂക്ഷിച്ചുമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംലീഗ് സ്ഥാപിതമായ മാര്‍ച്ച് പത്ത് ഇന്ത്യയുടെ ന്യൂനപക്ഷമന്നേറ്റത്തിനു ദിശാപരമായ നാന്ദികുറിച്ച ദിനമായി എന്നും ഓര്‍ക്കപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മാതൃകാപരമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന ഉന്നത നേതൃ നിരക്കു കീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്.
മുസ്‌ലിംലീഗിന്റെ പിറവി പലരെയും അലോസരപ്പെടുത്തിയിരുന്നു. രൂപീകരണം തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ വന്ന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മുന്നോട്ടുവെച്ചത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ പ്രൗഢമായിരുന്നു. ഇതനുസരിക്കാന്‍ എനിക്കു കഴിയില്ല. മുസ്‌ലിംലീഗുമായി മുന്നോട്ടു പോകും. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിയാണ് മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്. ഖാഇദെമില്ലത്തിന്റെ വാക്കുകളില്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മറുത്തൊന്നും പറയാന്‍ കഴിയാതെ മടങ്ങിപോകുകയായിരുന്നു.
രാജാജിഹാളില്‍ നിന്നുയര്‍ന്ന ശബ്ദത്തിനു വലിയ പിന്തുണയാണ് അന്ന് മലബാറും മറ്റു പ്രദേശങ്ങളും നല്‍കിയത്. ദുര്‍ഘടം പിടിച്ച അന്നത്തെ കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ത്യാഗിവര്യരായ നേതാക്കള്‍ ഏറെ പണിപ്പെട്ടു. നിസ്വാര്‍ത്ഥരായ നേതാക്കള്‍ക്ക് പിന്നില്‍ അതിവേഗം ന്യൂനപക്ഷങ്ങള്‍ അണിനിരക്കുന്ന കാഴ്ച്ചയാണ് രാജ്യം ദര്‍ശിച്ചത്. മുസ്‌ലിംലീഗിന്റെ ഉയര്‍ച്ച പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷേ അവര്‍ക്ക് മുന്നില്‍ ധീരതയുടെ പര്യായമായി നേതാക്കള്‍ നിലകൊള്ളുകയും മുസ്‌ലിംലീഗ് ഈ രാജ്യത്തിന്റെ മുന്നേറ്റത്തിനു അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ആദ്യ കാലം മുതലേ രാജ്യത്തിന്റെ വിവിധ നിയമ നിര്‍മാണ സഭകളില്‍ പങ്കാളിത്തം ലഭിച്ചു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ അവതരിപ്പിച്ച ബില്ലുകള്‍ സുപ്രധാനമായി. ശരീഅത്ത് വിഷയങ്ങളിലടക്കം മുസ്‌ലിംലീഗിന്റെ നിലപാടിന് അംഗീകാരം ലഭിച്ചു. ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്.
ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തെ കാണുന്നതെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിച്ചു. ന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെയും മറ്റു നേതാക്കളിലൂടെയും പ്രതിഫലിച്ചത്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
മുസ്‌ലിംലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെമ്പാടും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. ഇത്രയേറെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വേറൊരു പ്രസ്ഥാനവും ഇല്ല. അതുകൊണ്ടാണ് എല്ലാവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ കണ്ടു പഠിക്കുകയെന്ന് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബ് മുസ്‌ലിംലീഗ് രൂപികരണ വേളയില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒന്നാണ് ജനങ്ങള്‍ക്ക് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത്. രാഷ്ട്രീയമെന്നത് കേവലമായപ്രവര്‍ത്തനമല്ല. മറിച്ച് സേവനവും നാടിന്റെ പുരോഗതിയും പാവപ്പെട്ടവരുടെ ഉന്നതിയുമാണെന്ന് മുസ്‌ലിംലീഗ് തിരിച്ചറിയുന്നു. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച് നടപ്പിലാക്കയ ബൈത്തുറഹ്മ പാര്‍പ്പിട പദ്ധതി അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമാണിന്ന്. ആയിരങ്ങള്‍ക്കാണ് തലചായ്ക്കാന്‍ അഭയസ്ഥാനമൊരുക്കി കൊടുത്തത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തുക സമാഹരിച്ച് പാവപ്പെട്ടവരെ കണ്ടെത്തി ഉണ്ടാക്കികൊടുക്കുന്ന ബൈത്തുറഹ്മ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയാണ്. ലോകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തില്‍ സേവനം ചെയ്യുന്നില്ല.
മുസ്‌ലിംലീഗിന്റെ എഴുപത് വര്‍ഷമെന്നത് തുറന്ന പുസ്തകമാണ്. ഇരുമ്പുമറക്കുള്ളില്‍ ഇതിന്റെ തീരുമാനങ്ങള്‍ അടച്ചുവെച്ചിട്ടില്ല. തീര്‍ത്തും സുതാര്യവും സുവ്യക്തവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട മുസ്‌ലിംലീഗ് പിന്നിട്ട എഴുപത് വര്‍ഷങ്ങള്‍ രാജ്യത്ത് വളര്‍ത്തിയത് നന്‍മയുടെ പൂമരങ്ങളാണ്. ഫാസിസത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമന്ന് രാജ്യത്തോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചു പറഞ്ഞ് നീണ്ട കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസ്‌ലിംലീഗ് ആയിരുന്നു. രാജ്യത്തെ അപകടപ്പെടുത്താന്‍ വരുന്ന രാഷ്ട്രീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൈകോര്‍ക്കണമന്ന് മുസ്‌ലിംലീഗ് പറഞ്ഞപ്പോള്‍ ചിലര്‍ പുറം തിരിഞ്ഞു നിന്നു. മുസ്‌ലിംലീഗ് നേരത്തെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് രാജ്യം നേരില്‍ കാണുകയാണ്. ഫാസിസം അടുക്കളവരെയെത്തിയിരിക്കുന്നു. ഇന്ത്യയുടെ അന്തസ്സ് നഷ്ടപ്പെടുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീവനു വിലയില്ലാതാകുന്നു. വര്‍ഗീയത ഇളക്കിവിട്ട് പട്ടാപ്പകലില്‍ നിഷ്ഠൂരമായി കൊലചെയ്യുന്നു. വര്‍ഗീയതയും തീവ്രാദവും രാജ്യത്തിനു ഒരിക്കലും ഭൂഷണമല്ല. ഭരിക്കുന്നവര്‍ തന്നെ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ കൈകോര്‍ത്തേ മതിയാവൂ.
മുസ്‌ലിംലീഗ് പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. ഉത്തരേന്ത്യയില്‍ ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ദേശീയ തലത്തില്‍ മതേതര ചേരിക്ക് ശക്തി പകരുകയാണ് മുസ്‌ലിംലീഗ്. രാജ്യത്തിനു വേണ്ടി ഇത്രമേല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ സജീവ പ്രയാണങ്ങള്‍ക്കിടെ ഈ ലോകത്തോട് വിട്ടു പിരിഞ്ഞ നേതാക്കളും കര്‍മധീരരും നിരവധിയാണ്. അവരെയെല്ലാം ഇത്തരുണത്തില്‍ സ്മരിക്കുന്നു.

chandrika: