X

ഹൈദരാബാദ് സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നീക്കം; എം.എസ്.എഫ് പ്രതിഷേധ പരിപാടിക്കെതിരെ അധികൃതരുടെ കയ്യേറ്റം

ഹൈദരാബാദ്: വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യം മുന്‍നിര്‍ത്തി ഹൈദരാബാദ് സര്‍വ്വകലാശാല എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തഹ്‌രീര്‍’ പ്രതിഷേധ പരിപാടിക്ക് അനുമതി നിഷേധിച്ചും സെക്യൂരിറ്റി ഫോഴ്‌സിനെ കൊണ്ട് പരിപാടി തടസ്സപ്പെടുത്താനും ശ്രമിച്ച് യൂണിവേഴ്‌സിറ്റി അധികൃതര്‍.

ആസാം എന്‍.ആര്‍.സി പ്രശ്‌നം, മുസഫര്‍ നഗറില്‍ ഹത്യാ കേസുകളില്‍ പ്രതികളെ വെള്ള പൂശല്‍, പെഹ്‌ലു ഖാന്‍ കേസടക്കം ഹേറ്റ് ക്രൈമുകളില്‍ നടക്കുന്ന നീതി നിഷേധം, ദൂരപ്രത്യാഘാതമുള്ള പുതിയ ബില്ലുകള്‍ എന്നിവ പ്രമേയമാക്കി ഗവേഷകരുടെ ടോക്കും ഡോക്യുമെന്ററി സ്‌ക്രീനിങ്ങും ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടി വെള്ളിയാഴ്ച്ച വൈകീട്ട് വെളിവാടയില്‍ സംഘടിപ്പിച്ചപ്പോഴാണ് സംഭവം. പരിപാടിയുടെ ഒരുക്കങ്ങളുമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുന്നതിനിടെ വ്യാഴാഴ്ച്ച യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ എം.എസ്.എഫ് കമ്മിറ്റിയെ ഫോണിലൂടെ ബന്ധപ്പെടുകയും 2016ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി പൊതുസ്ഥലത്ത് പരിപാടി സംഘടിപ്പിക്കരുതെന്നും ഇന്‍ഡോര്‍ പരിപാടി ആയി നടത്താന്‍ മാത്രമേ അനുമതി തരൂ എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു. എന്നാല്‍ ഇത് ക്യാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ കൂച്ച് വിലങ്ങിടാനുള്ള അധികൃതരുടെ ശ്രമമാണെന്നും ‘തഹ്‌രീര്‍’ പോലുള്ള പ്രതിഷേധ പരിപാടി ഇന്‍ഡോര്‍ ആയി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടത്താന്‍ പറ്റുന്നതല്ലെന്നും എം.എസ്.എഫ് രജിസ്ട്രാര്‍ക്ക് മറുപടി നല്‍കി. ഇതോട് കൂടി യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി വിഭാഗം തലവന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുന്നോട്ട് വന്നെങ്കിലും മുട്ട് മടക്കാതിരുന്ന എം.എസ്.എഫ് പ്രതിനിധികളോട് രജിസ്ട്രാര്‍ നേരിട്ട് കാണാനാവശ്യപ്പെടുകയും എന്നാല്‍ രജിസ്ട്രാറുടെ മുന്‍പിലും മുന്‍ നിലപാടില്‍ എം.എസ്.എഫ് ഉറച്ച് നിന്നതോടെ പരിപാടി ഇല്ലാതാക്കാനുള്ള ആ ശ്രമവും വിഫലമാവുകയായിരുന്നു.

ഏറ്റവും ഒടുവില്‍ പരിപാടിയുടെ ഏതാനും മണിക്കൂറുകള്‍ മുമ്പേ വി.സിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിപാടിക്കുള്ള അനുമതി നിഷേധിക്കുന്നതായി എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷമീം പൂക്കോട്ടൂരിന് അയച്ച സര്‍ക്കുലറില്‍ രജിസ്ട്രാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെയൊന്നും ഗൗനിക്കാതെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പരിപാടിക്കായി വെളിവാടയില്‍ ഒത്തു ചേര്‍ന്നപ്പോള്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ബലം പ്രയോഗിക്കുകയും ഏറെ നേരത്തെ വാഗ്വാദത്തിന്റെ ഫലമായി അധികൃതര്‍ എം.എസ്.എഫ് പ്രവര്‍ത്തകരുടെ ഇഛാശക്തിക്കു കീഴടങ്ങുകയും പരിപാടി നടത്താന്‍ അനുവദിക്കുകയും ചെയ്തു. വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കിയുള്ള ഗവേഷക വിദ്യാര്‍ത്ഥികളുടെ ടോക്കിന് ശേഷം ഡോക്യുമെന്ററി സ്‌ക്രീനിങ് നടത്താന്‍ തുനിഞ്ഞപ്പോള്‍ സെക്യൂരിറ്റി ഫോഴ്‌സ് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സ്‌ക്രീനിങ്് നടത്താന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു.

കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ മോദി ഭരണകൂടത്തിനെതിരെ ആഗസ്റ്റ് 5ന് സര്‍വ്വകലാശാലയില്‍ എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ സംയുക്ത പ്രതിഷേധ സംഗമത്തെ തുടര്‍ന്നാണ് ക്യാമ്പസിലെ പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ പ്രതിഷേധ പരിപാടിക്ക് തടയിടുന്നതിനായി ക്യാമ്പസില്‍ സൈബരാബാദ് പോലീസ് കമ്മീഷണറുടെ പഴയ ഓര്‍ഡറിന്റെ മറവില്‍ നിരോധനാജ്‌ന പ്രഖ്യാപിക്കുകയും സൈബരാബാദ് പോലീസും സി.ആര്‍.പി.എഫും ക്യാമ്പസില്‍ കയറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം അഞ്ചോളം പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുകയും ഏറ്റവുമൊടുവില്‍ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ദന്റെ ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള പ്രശസ്ത ഡോക്യുമെന്ററി ‘രാം കെ നാം’ ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസ കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രദര്‍ശിപ്പിച്ചപ്പോള്‍ പോലീസ് ക്യാമ്പസിലേക്ക് വീണ്ടും അതിക്രമിച്ച് കയറുകയും ഇതില്‍ പ്രതിഷേധിച്ച ആറ് ഐസ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവ പരമ്പരയിലെ അവസാനത്തേതാണ് കഴിഞ്ഞ ദിവസം എം.എസ്.എഫ് പ്രതിഷേധ പരിപാടിയില്‍ അരങ്ങേറിയത്.

എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അടിച്ചൊതുക്കാന്‍ സംഘ്പരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഭരണകൂടത്തിന്റെ എല്ലാത്തരം ജനാധിപത്യ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളേയും ശക്തിയുക്തം എതിര്‍ക്കുമെന്നും ‘തഹ്‌രീര്‍’ പ്രതിഷേധ പരിപാടി വിളിച്ച് പറഞ്ഞു. ആഷിഖു റസൂല്‍, ഷിബിലി, ഫസല്‍, മുഹമ്മദ് ആഷിഖ്, സല്‍മാന്‍ കെ.എച്ച്, അയൂബ് റഹ്മാന്‍, ഷിഹാബ് പൊഴുതന, നജ്‌ല, നുസ്‌റത്ത്, റിഷാദ്,സഫ്വാന്‍, ആസിഫ്,അര്‍ഷാദ് നേതൃത്വം നല്‍കി.

web desk 1: