ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിലായ കേസിലെ മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.