X
    Categories: indiaNews

ഭാര്യയുടെ കിടപ്പ് മുറിയില്‍ ഭര്‍ത്താവ് സിസിടിവി സ്ഥാപിച്ചു; ഭാര്യ കോടതിയില്‍

വഡോദര: തന്റെ കിടപ്പു മുറിയില്‍ സിസിടിവി സ്ഥാപിച്ച ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍. സംശയ രോഗത്തെ തുടര്‍ന്നാണ് മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ഭാര്യയുടെ മുറിയില്‍ സിസിടിവി സ്ഥാപിച്ചത്. കുട്ടികളുടെ കായിക പരിശീലനത്തിനായി മുംബൈയിലായിരുന്ന യുവതി ലോക്ഡൗണ്‍ സമയത്താണ് വഡോദരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ഭര്‍ത്താവ് കിടപ്പുമുറിയിലും വീടിന്റെ മറ്റുഭാഗങ്ങളിലും സിസിടിവി സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് മാറ്റാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഭാര്യ നിയമനടപടിയിലേക്ക് നീങ്ങിയത്.

വീട്ടിലെത്തിയ ഉടന്‍ തന്നെ ഭര്‍ത്താവ് ഇവരുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു. ആധാര്‍ കാര്‍ഡും മറ്റു രേഖകളും പിടിച്ചെടുത്തു. ഇതിനെതിരെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മദ്യപിച്ച് വന്ന് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ഇവരുടെ മൊഴി. മര്‍ദന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയാതിരിക്കാന്‍ സിസിടിവി ഓഫ് ചെയ്താണ് മര്‍ദിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു.

കേസ് പരിഗണിച്ച കോടതി സിസിടിവി നീക്കാന്‍ ഭാര്യക്ക് അനുമതി നല്‍കി. ഭാര്യക്കും മക്കള്‍ക്കും ഭര്‍ത്താവിന്റെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കണമെന്ന് ഉത്തരവിട്ട കോടതി എല്ലാ മാസവും ഭാര്യക്കും മക്കള്‍ക്കും 40,000 രൂപ നല്‍കാനും ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. ഓരോ വ്യക്തിക്കും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സിസിടിവി സ്ഥാപിച്ച് ഭാര്യയുടെ സ്വകാര്യത ഹനിക്കുന്നത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്നും കേസ് പരിഗണിച്ച ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എ പാട്ടീല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: