ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാണ്ഡജില്ലയില്‍ ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് ഇരയായി ഭാര്യ. ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. പിന്നീട് ഒരു കയ്യില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായാണ് 35 കാരനായ കിന്നര്‍ യാദവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബബേരു എന്ന പ്രദേശത്താണ് ഭര്‍ത്താവിന്റെ ഈ കൊടുംക്രൂരത അരങ്ങേറിയത്.
കിന്നര്‍ യാദവിന് ഭാര്യ വിമലയെ സംശയമായിരുന്നു. അയല്‍ക്കാരനായ രവിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന കാണിക്കുന്നതായും കിന്നര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തെ ചൊല്ലി ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കം നടന്നിരുന്നു.
ഇന്നലെ രാവിലെ രവിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കിന്നര്‍ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട വിമല ഓടിയെത്തി രവിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കിനര്‍ വിമലയെ വെട്ടി. അവിടെ നിന്നും അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിമലയെ പിന്‍തുടര്‍ന്ന കിന്നര്‍ ഭാര്യയുടെ ശിരസ് ഛേദിച്ചു. തുടര്‍ന്ന് ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായി ഒരു കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങി. അറുത്തെടുത്ത തലയുമായി സ്റ്റേഷനിലേക്ക് കയറിയ പ്രതിയെ കണ്ട് പൊലീസുകാര്‍ ഞെട്ടി. ഉടന്‍ തന്നെ കിന്നറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.