X

കുടുംബ കോടതിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ഹാസന്‍: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുടുംബ കോടതിയില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസനില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യെയാണ് ഭര്‍ത്താവ് ശിവകുമാര്‍ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശിവകുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തു. കോടതിയില്‍ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങിന് ഹാജരാകാനായി ഇരുവര്‍ക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗണ്‍സിലിങിന് ഇരുവരും വിധേയരായി.

കൗണ്‍സിലിങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മിനിറ്റുകള്‍ക്കു ശേഷമാണ് ദാരുണമായ കൊലപാതകം നടന്നത്. കൗണ്‍സിലിങിനു ശേഷം ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശിവകുമാറിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തായി ശ്രീനിവാസ ഗൗഡ പറഞ്ഞു. കോടതിക്കുള്ളില്‍ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Test User: