ഹെയ്തി: ഹെയ്തിയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റ് അമേരിക്കയിലേക്ക് കടന്നു. ഇതിനകം എണ്ണൂറില്‍ അധികം പേരുടെ മരണത്തിനിടയാക്കിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡയിലും വന്‍ നാശം വിതച്ചു തുടങ്ങി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാറ്റിന്റെ പ്രഹരശേഷി കുറഞ്ഞതിനാല്‍ വലിയ നാശം അമേരിക്കയിലുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ഹെയ്തിയില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്. ഹെയ്തിക്കുപുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു.
ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. ഇവിടെ വൈദ്യുതിബന്ധം പാടേ തകരാറിലായി. ഫ്‌ലോറിഡയിലടിക്കുന്ന മാത്യു കൊടുങ്കാറ്റിന്റെ തീവ്രത 190 കിലോമീറ്റര്‍ വേഗതയിലാണ്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശംവിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന ഫ്ളോറിഡയിലെ വിവിധ മേഖലകളില്‍നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തീരത്തിനുസമാന്തരമായാണ് കാറ്റിന്റെ ഗതി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലെ നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
അതേസമയം കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ഹെയ്തിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല.