ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാഷനായി മാറുന്നുവെന്ന് സുപ്രീംകോടതി. ഇത്തരം കേസുകള്‍ വര്‍ധിച്ചു വരികയാണെന്നും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മദ്രാസ് ഹൈക്കോടതി അഭിഭാഷകനെ 15 ദിവസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. രാജ്യമൊട്ടുക്കും ജഡ്ജിമാര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജില്ലാ ജഡ്ജിമാര്‍ക്ക് ഒരു തരത്തിലുള്ള സുരക്ഷയുമില്ല. ലാത്തി പിടിച്ച ഒരു പൊലീസുകാരന്റെ സംരക്ഷണം പോലുമില്ലെന്നും കോടതി പറഞ്ഞു.
അഭിഭാഷകര്‍ നിയമത്തിന് അധീതരല്ലെന്ന് ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. രാജ്യത്തെ നിയമ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് അഭിഭാഷകര്‍. ഇത്തരം അഭിഭാഷകര്‍ ജുഡീഷ്യല്‍ സംവിധാനത്തിനു തന്നെ അപമാനമാണെന്നും കര്‍ക്കശമായി തന്നെ നേരിടണമെന്നും കോടതി പറഞ്ഞു.
ആരോപണ വിധേയനായ അഭിഭാഷകന് ജാമ്യമില്ലാ വാറണ്ട് കൈമാറാന്‍ എത്തിയപ്പോള്‍ നൂറോളം അഭിഭാഷകര്‍ ചുറ്റും നിന്നാണ് പ്രതിരോധിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാണ്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഇതിലൂടെ ശ്രമിച്ചത്. വഷളന്‍ സ്വഭാവക്കാരനാണ് ഈ അഭിഭാഷകന്‍. ജുഡീഷ്യറിയെക്കൂടി വഷളാക്കുകയാണ് അയാള്‍ ചെയ്യുന്നത്. അഭിഭാഷകവൃത്തിയെ ആണ് മോശമാക്കുന്നത്- ജസ്റ്റിസ് ചന്ദ്രചൂഡ് രൂക്ഷ ഭാഷയിലാണ് ഹര്‍ജിക്കാരനെതിരെ പ്രതികരിച്ചത്.
കേസില്‍ നിരുപാധികം മാപ്പു പറയാന്‍ തയ്യാറാണെന്നും ശിക്ഷ ഒഴിവാക്കണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞെങ്കിലും കോടതി തള്ളി. ഏറ്റവും ദയാപരമായ ശിക്ഷയാണ് നിങ്ങള്‍ക്ക് വിധിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ടാഴ്ച മാത്രം ജയിലില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും ചെറിയ ശിക്ഷ മാത്രമാണ്. നിങ്ങള്‍ ചെയ്ത തെറ്റിനുള്ള പരിഹാരമേ ആകുന്നില്ല.
ജഡ്ജിമാരെ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് ഫാഷനായി മാറുന്ന കാലത്ത് യാതൊരു ഇളവും ശിക്ഷയില്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.