X
    Categories: indiaNews

പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുംവരെ വിശ്രമമില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ട ഹാത്രസ് പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുംവരെ വിശ്രമമില്ലെന്ന് ഭീം ആര്‍മി ആധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഭീം ആര്‍മിയുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി സംസാരിക്കുകായിരുന്നു അദ്ദേഹം. യുപി മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ വിശ്രമമില്ലെന്നും സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് സന്ദര്‍ശിക്കുമെന്നും പെണ്‍കു്ട്ടിയുടെ കുടുംബത്തെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുട മൗനം ചോദ്യംചെയ്യാനും ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുമായി വൈകീട്ട് അഞ്ച് മണിക്ക് പ്രതിഷേധ മാര്‍ച്ചുമായി ഇന്ത്യാഗേറ്റിലേക്ക് എത്തുമെന്ന് നേരത്തെ ഭീം ആദ്മി നേതാവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 144 പ്രഖ്യാപിച്ചതടക്കം കണക്കിലെടുത്ത് പിന്നീട് പ്രതിഷേധം ജന്തര്‍ മന്തറില്‍ മാത്രമായി ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആസാദിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രതിഷേം പ്രകടിപ്പിക്കാനെത്തിയത് നൂറുകണക്കിനുപേരാണ് ജന്തര്‍ മന്തറില്‍ എത്തിയത്. ഹാത്രസ് പെണ്‍കുട്ടി മരിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലെ അഞ്ചാം നമ്പര്‍ ഗേറ്റിലേക്ക് ഭീം ആര്‍മി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതോടെ ചന്ദ്രശേഖര്‍ ആസാദിനെ സഹരണ്‍പുര്‍ പോലീസ് വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ധര്‍ണയുമായി എത്തിയതിന് പിന്നാലെയാണ് ഭീം ആര്‍മിക്ക് പുറമെ ഇടത് സംഘടനകളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതോടെ രാജ്യ തലസ്ഥാനം വീണ്ടും പ്രതിഷേധത്തിന്റെ വേദിയാവുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ വേഷം ധരിച്ചെത്തി ജന്തര്‍ മന്തര്‍ റോഡില്‍ പ്രതിഷേധിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവര്‍ നേരത്തെതന്നെ ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

 

 

chandrika: