നൂറില്‍പരം രോഗികള്‍ ഫുട്പാത്തില്‍ കിടക്കുകയാണ്; എയിംസില്‍ ചികിത്സക്കെത്തിയവരുടെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രത്തിനും ഡല്‍ഹി മുഖ്യമന്ത്രിക്കും കത്തയച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ പ്രമുഖ ആരോഗ്യകേന്ദ്രമായ ഡല്‍ഹി എയിംസിലെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രസര്‍ക്കാറിനും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും കത്തയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രോഗികള്‍ ഫുട്പാത്തിലും സബ്‌വെകളിലും കിടക്കുകയാണെന്നാണ് കത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചത്.

ഈ മാനുഷിക ദുരന്തം പരിഹരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും അടിയന്തരമായി ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പൊതു ആരോഗ്യസമ്പ്രദായം ശക്തിപ്പെടുത്താനായി കേന്ദ്രം അടിയന്തര നടപടിയെടുക്കണം. അടുത്ത ബജറ്റില്‍ അതിനായി തുക നീക്കിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്വന്തം പ്രദേശത്ത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തത് മൂലമാണ് കോടിക്കണക്കിന് ആളുകള്‍ എയിംസിനെ സമീപിക്കുന്നതെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. അതിന്റെ ആദ്യപടിയായി രാജ്യത്തെങ്ങുമുള്ള എയിംസ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കണം. അതോടൊപ്പം മികച്ച ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്ന രീതിയിലേക്ക് പൊതു ആരോഗ്യസമ്പ്രദായം മെച്ചപ്പെടുത്തുകയും വേണം. സംസ്ഥാനസര്‍ക്കാരുകളുമായി കൈകോര്‍ത്തു വേണം ഈ വികസനമെന്നും ജനുവരി 18ന് അയച്ച കത്തില്‍ രാഹുല്‍ സൂചിപ്പിച്ചു.

ആയുഷ്മാന്‍ ഭാരത് പോലെയുള്ള കേന്ദ്ര ആരോഗ്യ പദ്ധതികള്‍ രോഗിയുടെ പോക്കറ്റ് ചെലവുകള്‍ പരമാവധി കുറയ്ക്കുന്നതിന് സഹായകമാവുന്ന രീതിയിലാക്കണം. അതോടൊപ്പം സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുത്തനെ വര്‍ധിക്കുന്നതും പരിശോധിക്കണം. ഡോക്ടറെ കാണാനായി രോഗികള്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥക്ക് മാറ്റം വരണമെന്നും രാഹുല്‍ പറഞ്ഞു. എയിംസിന് ചുറ്റുമുള്ള റോഡുകളിലും സബ്വേകളിലും കഴിയുന്ന രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും കണ്ട് രാഹുല്‍ ഗാന്ധി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞിരുന്നു.

എയിംസില്‍ ഡോക്ടറെ കാണാനുള്ള കാലതാമസത്തെകുറിച്ചും താമസിക്കാന്‍ സൗകര്യമില്ലാത്തതിനെ കുറിച്ചുമാണ് മിക്കവരും പരാതി പറഞ്ഞത്. കുടിവെള്ളമോ ശുചീകരണ സൗകര്യങ്ങളോ ഇല്ലാതെ, കൊടുംതണുപ്പിനെ പ്രതിരോധിക്കാനാകാതെ സബ്‌വേയില്‍ നിരവധി രോഗികളെ കാണുന്നതില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്ന് അതിഷിക്ക് അയച്ച കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

webdesk13:
whatsapp
line