X
    Categories: Newsworld

പൂര്‍ണമായും മാനസിക സമ്മര്‍ദം ഒഴിവാക്കിയാല്‍ മനുഷ്യന് 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം

മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാല്‍ മനുഷ്യര്‍ക്ക് 150 വയസ്സുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് പഠനം. കൊലപാതകം, അര്‍ബുദം, അപകടം പോലുള്ള പ്രകടമായ കാരണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മനഃക്ലേശത്തില്‍നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു.

സിംഗപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോര്‍ക്കിലെ ബഫലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ്‌വെല്‍ പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. യു.എസ്, യു.കെ, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്.

ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാകാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് ‘Resilience’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 40വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 80വയസ്സുള്ള ഒരാള്‍ക്ക് മാനസികബുദ്ധിമുട്ടുകളില്‍നിന്ന് മുക്തിനേടാന്‍ മൂന്നിരട്ടി സമയം വേണ്ടി വരുമെന്ന് പഠനം കണ്ടെത്തി.

രോഗം, അപകടം തുടങ്ങി സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളിലൂടെ ശരീരം കടന്നുപോകുമ്പോള്‍ പ്രായം കൂടുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്ക്(Recovery Rate) കുറയുന്നതായി കാണാനാകും. രോഗമുക്തി നേടാനുള്ള സമയം ദീര്‍ഘിക്കുന്നതായും കാണാനാകുമെന്നും പഠനം പറയുന്നു.

സി.എന്‍.ഇ.ടിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 120നും 150 വയസ്സിനും ഇടയില്‍ മനഃക്ലേശത്തില്‍നിന്ന് മോചിതരാകാനുള്ള ശേഷി മനുഷ്യന് പൂര്‍ണമായും നഷ്ടമാകും. ഗുരുതരരോഗങ്ങള്‍ ഇല്ലാത്തവരില്‍ പോലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെങ്കില്‍ മനഃക്ലേശം, പ്രായമാകല്‍ എന്നീ ഘടകങ്ങളില്‍ മാറ്റം കൊണ്ടുവന്നേ മതിയാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Test User: