ന്യൂസിലാന്‍ഡില്‍ നഴ്സിങ് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തുന്നതായി പരാതി. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കെതിരെയാണ് പരാതി. ഈ ഏജന്‍സി വഴി ന്യൂസിലന്‍ഡിലെത്തിയ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവരുന്നത്്. പരാതിയില്‍ ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തു.
മനുഷ്യക്കടത്തിന്റെ വിവരം പുറത്തുവന്നതോടെ നിരവധി പരാതികളാണ് ഏജന്‍സിക്കെതിരെ ഉയരുന്നത്. ആറര ലക്ഷം രൂപ നഷ്ടപ്പെട്ട യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നഴ്സിങ് ജോലിക്കെന്ന് പറഞ്ഞ് ന്യൂസിലന്‍ഡിലേക്കല്ല ആളുകളെ എത്തിക്കുന്നതെന്നും ആദ്യം പോളണ്ടിലെത്തിച്ച് അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.
തന്നോട് ഒമ്പതര ലക്ഷമാണ് ആവശ്യപ്പെട്ടതെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ആദ്യം തരാമെന്ന് പറഞ്ഞിട്ടും പിന്നീട് ഫോണ്‍ എടുക്കാത്ത അവസ്ഥയായിരുന്നെന്നും യുവതി പറഞ്ഞു. ഇരിങ്ങാലക്കുട കൂടാതെ തിരുവനന്തപുരത്തും ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്.