ഡല്‍ഹി: ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഇതുവരെ നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയില്‍ നിന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് എന്നാണ് ബിഹാര്‍ ആരോപിക്കുന്നത്. എന്നാല്‍ ബിഹാറിലെ ബക്‌സറില്‍ നിന്നാണ് മൃതദേഹങ്ങള്‍ എത്തിയത് എന്നാണ് ഉത്തര്‍പ്രദേശിന്റെ വാദം.
ഗുരുതരമായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വീഴ്ചയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.