ധാക്ക: ബംഗ്ലാദേശില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ വിമര്‍ശിച്ച രണ്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി. ഓദികാര്‍ മനുഷ്യാവകാശ സംഘടനയുടെ നേതാക്കളായ ആദിലുര്‍ റഹ്മാന്‍ ഖാനും നാസിറുദ്ദീന്‍ എലാനുമാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളുടെയും പൊലീസ് ഭീകരതയുടെയും പ്രതിപക്ഷ പ്രവര്‍ത്തകരുടെ തിരോധാനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായത്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ശിക്ഷ വിധിക്കുമ്പോള്‍ ഖാനും എലാനും കോടതിയില്‍ ഉണ്ടായിരുന്നു. അടുത്ത വര്‍ഷം ജനുവരി അവസാനം ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള പാര്‍ലമെന്റ് ഇപ്പോള്‍ റബര്‍ സ്റ്റാമ്പ് മാത്രമാണ്.