സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (50) എന്ന സാലുവാണ് മരിച്ചത്. ബത്തേരിയിലേയും അട്ടപ്പാടിയിലേയും കഴിഞ്ഞദിവസമുണ്ടായ കാട്ടാന ആക്രമണങ്ങളും ജനത്തെ ഭയവിഹ്വലരാക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനം ആശങ്ക വര്‍ധിപ്പിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വയനാട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയ വന്‍ പ്രതിഷേധം ഇതാണ് വിളിച്ചുപറയുന്നത്. അട്ടപ്പാടിയില്‍ പശുവിനെ മേയ്ക്കാന്‍ പോയ വയോധികനെയാണ് കാട്ടാന ആക്രമിച്ചത്. ഷോളയൂര്‍ മൂലഗംഗല്‍ ഊരിലെ വീരനാ(70)ണ് പരിക്കേറ്റത്. പാലക്കാട്ടെ വനാതിര്‍ത്തികളില്‍ ഇത്തരം ആക്രമണങ്ങള്‍ ഇടക്കിടെ സംഭവിക്കുന്നു.
പ്രഭാത സവാരിക്കിടയില്‍ ഏഴു പേരില്‍ ഒരാളെ ആന ചവിട്ടിക്കൊന്നത് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്. ഒരു വര്‍ഷത്തിനിടെ പത്തിലധികം പേരാണ് അട്ടപ്പാടിയില്‍ മാത്രം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംവകുപ്പിന്റെ കണക്കുപ്രകാരം 2008 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ മാത്രം കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 1423 പേരാണ്. 7982 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണക്കുകളുടെ ശരാശരി നോക്കുമ്പോള്‍, കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോ ദിവസവും രണ്ട് പേര്‍ക്ക് വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നു. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നു. കടുവയുടെ ആക്രമണം കേരളത്തില്‍ കുറവാണെങ്കിലും ഇയ്യിടെയായി അതും സംഭവിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിലായി 1004 പ്രദേശങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളായി വനംവകുപ്പ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുപ്പത്തിയഞ്ച് ഫോറസ്റ്റ് ഡിവിഷനുകളില്‍ നിലമ്പൂര്‍ നോര്‍ത്ത്, വയനാട് സൗത്ത്, വയനാട് നോര്‍ത്ത് എന്നീ റെയ്ഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളുള്ളത്.
580 കിലോമീറ്റര്‍ നീളവും ശരാശരി 75 കിലോമീറ്റര്‍ വീതിയിലുമുള്ള കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനമാണ്. 725 സെറ്റില്‍മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നുണ്ട്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് കേരളത്തിന്റെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നത്. ഓരോ വര്‍ഷം കഴിയുംതോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. നിയന്ത്രണമില്ലാതെ വന്യമൃഗങ്ങളും കാട്ടുമൃഗങ്ങളും വന്‍തോതില്‍ പെറ്റുപെരുകുന്നതാണ് നിലവില്‍ കേരളത്തിന്റെ പ്രശ്‌നം. കാടിന് ഉള്‍ക്കൊള്ളാവുന്നതിലേറെയായി അവയുടെ എണ്ണം. ഇവ ഭക്ഷണം തേടി കാടുകളില്‍നിന്ന് പുറത്തിറങ്ങുകയും ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണിയായും കൃഷി നശിപ്പിച്ചും വിഹരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ കൊന്നൊടുക്കുകയാണ് പതിവ്. കെനിയയില്‍ 200 ഓളം ആനകളെയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ഇയ്യിടെ കൊന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കാട്ടുപന്നിയെയും മാനിനേയുമൊക്കെ വേട്ടയാടാനുള്ള അനുമതി നിശ്ചിത കാലത്തേക്ക് നല്‍കുകയാണ് പതിവ്.
ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടയാന്‍ ഇതുവരെ വനംവകുപ്പിന് സാധിച്ചിട്ടില്ല. വന്‍തോതിലുള്ള ആളപായമടക്കം ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും കാര്യമായ ആക്ഷന്‍ പ്ലാനിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നിട്ടില്ല. വൈദ്യുത വേലി, കിടങ്ങ് നിര്‍മാണം, സോളാര്‍ ഫെന്‍സിങ്, കാടിനകത്ത് ജല-ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തല്‍, എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം തുടങ്ങി പലയിടങ്ങളിലും ആവിഷ്‌കരിച്ച പദ്ധതികള്‍ ഉണ്ടെങ്കിലും അവയൊന്നും ഫലപ്രദമായോ ശാസ്ത്രീയമായോ അല്ല നടപ്പാക്കപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേര്‍ന്ന് വസിക്കുന്നവരുടെ ജീവന്‍, അവരുടെ സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്‍പ്കൂടി പരിഗണിച്ചുകൊണ്ട് 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനസംരക്ഷണ നിയമം, 2006 ലെ വനാവകാശ നിയമം എന്നിവയെല്ലാം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തുകയും വേണം. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്. അതിന് എന്തെല്ലാം വഴികള്‍ സ്വീകരിക്കാന്‍ പറ്റുമോ അതെല്ലാം സ്വീകരിച്ചേ മതിയാകൂ.