X
    Categories: indiaNews

മാനവ വികസന സൂചിക; ഇന്ത്യ വീണ്ടും താഴോട്ട്‌

ന്യൂഡല്‍ഹി: യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച 2021ലെ മാനവ വികസന സൂചികയില്‍ ഇന്ത്യ മുന്‍ വര്‍ഷത്തേതില്‍ നിന്നും ഒരു സ്ഥാനം കൂടി പിന്നാക്കം പോയി 132 സ്ഥാനത്തേക്ക് പതിച്ചു. 191 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ തവണ ഇന്ത്യ 131-ാം സ്ഥാനത്തായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം, ജീവിത നിലവാരം, വിദ്യാഭ്യാസ നിലവാരം എന്നിവയാണ് പട്ടികയുടെ അളവു കോല്‍.

ഇന്ത്യയുടെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ)2020ല്‍ 0.642 ഉണ്ടായിരുന്നത് 0.633 ആയാണ് 2021ല്‍ കുറഞ്ഞത്. 2019 വരെ ഇന്ത്യയുടെ മാനവ വികസന സൂചികയില്‍ ഓരോ വര്‍ഷവും പുരോഗതി കൈവരിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നിവയാണ് മാനവ സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഇടത്തരം മാനവ വികസനം നടക്കുന്ന 43 രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്. ഇതില്‍ മിക്കതും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാം സ്ഥാനത്തും ചൈന 79ലും ബംഗ്ലാദേശ് 129ലും ഭൂട്ടാന്‍ 127ലും നില്‍ക്കുന്നു. പാകിസ്താന്‍ 161-ാം സ്ഥാനത്തും നേപ്പാള്‍ 143ലും മ്യാന്‍മര്‍ 149-ാം സ്ഥാനത്തുമാണ്. ദക്ഷിണ സുഡാന്‍, ചാഡ്, നൈജര്‍ എന്നീ മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Test User: