ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബലോത്രയിലെയും ജോധ്പൂരിലെയും ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍.
ജയ്പൂരില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ബാര്‍മര്‍ ജില്ലയിലെ ജാസോള്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ബാര്‍മറിലെ റാണി ബാട്ടിയാനി ക്ഷേത്രത്തില്‍ ഒരു ചടങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ കൂറ്റന്‍ പന്തലാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. പന്തല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഇരമ്പ് തൂണുകള്‍ ഉള്‍പ്പെടെ ആളുകളുടെ ദേഹത്ത് പതിച്ചതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ചടങ്ങിനായി നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. അപകടവിവരമറിഞ്ഞെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.
രാജസ്ഥാനില്‍ ക്ഷേത്രോത്സവത്തിനിടെ പന്തല്‍ തകര്‍ന്ന് 14 മരണം
Tags: rajasthan