സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6625 രൂപയായി വര്‍ധിച്ചു. പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ വായ്പ പലിശനിരക്കുകള്‍ പ്രഖ്യാപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുകയായിരുന്നു. വായ്പ അവലോകനത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പരാമര്‍ശം സ്വര്‍ണവിപണിയെ സ്വാധീനിച്ചു. യു.എസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും സ്വര്‍ണ വില ഉയരാനുള്ള അനുകൂലഘടകമായി.
അതേസമയം, സ്വര്‍ണത്തിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നത് മൂലം 18 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ ഡിമാന്‍ഡ് കൂടുകയാണെന്ന് വ്യപാരികള്‍.22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്.
ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങള്‍ വില്‍പന വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.