X
    Categories: Video Stories

ബാല്‍ഫോര്‍ വാര്‍ഷികത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കൂറ്റന്‍ ഫലസ്തീന്‍ അനുകൂല റാലി

പ്രിട്ടോറിയ: ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്‍ ഇടയാക്കിയ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഇസ്രാഈലിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്‍ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്‍ എംബസി ഉപരോധിച്ചു. ചുവന്ന വസ്ത്രവുമായി ഇ.എഫ്.എഫ് അനുയായികള്‍ അണിനിരന്നതോടെ പ്രിട്ടോറിയയിലെ ചര്‍ച്ച് സ്‌ക്വയര്‍ മുതല്‍ ഇസ്രാഈല്‍ എംബസി വരെ രക്തനിറമണിഞ്ഞു. ഫലസ്തീന്‍ പതാകയും ഇസ്രാഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം.

1917-ല്‍ ഫലസ്തീന്‍ അധീനപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ്, ജൂതന്മാര്‍ക്ക് ഫലസ്തീനില്‍ സ്ഥിര താമസത്തിനുള്ള താവളമൊരുക്കും എന്ന് സയണിസ്റ്റ് മൂവ്‌മെന്റിന് നല്‍കിയ ഉറപ്പാണ് ബാല്‍ഫോര്‍ പ്രഖ്യാപനം. ബ്രിട്ടീഷ് വിദേശ സെക്രട്ടറി ആര്‍തര്‍ ബല്‍ഫോര്‍ ആണ് പ്രഖ്യാപനം നടത്തിയ്. ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സഹായത്തോടെ സയണിസ്റ്റുകള്‍ അറബികളുടെ ഭൂമി പിടിച്ചെടുക്കുകയും ഫലസ്തീനികളെ സ്വന്തം ഇടങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ഇത് ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണത്തിലേക്കും ഫലസ്തീനികളുടെ തീരാ ദുരിതത്തിലേക്കും നയിച്ചു.

ഇസ്രാഈലിന്റെ ക്രൂരകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ഇ.എഫ്.എഫ് പ്രക്ഷോഭം നടത്തിയത്. റാലിയെ നാഷണല്‍ കൊളീഷന്‍ ഫോര്‍ ഫലസ്തീന്‍ സ്വാഗതം ചെയ്തു. ഇതൊരു ധൈര്യപൂര്‍വകമായ നീക്കമാണെന്ന് കൊളീഷന്‍ തലവന്‍ എഡ്വിന്‍ അരിസണ്‍ പറഞ്ഞു.

2013-ല്‍ ജൂലിയസ് മലേമയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇ.എഫ്.എഫ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന പ്രസ്ഥാനമാണ്. വെറും നാലു വര്‍ഷം പ്രായമായ പാര്‍ട്ടി 2014-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ മൂന്നാം കക്ഷിയായി. 6.35 ആയിരുന്നു 2014 തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതം. വിപ്ലവാത്മക, സോഷ്യലിസ്റ്റ് രീതിയാണ് ഇ.എഫ്.എഫ് അവലംബിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: