ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി ജയ്ശങ്കറിന്റെയും ഭാര്യ ക്യോകോ സോമേകാവ യുടെയും ആസ്തിയില്‍ വന്‍ വര്‍ധനവ്. രാജ്യസഭാംഗമായ നാലു വര്‍ഷത്തെ കാലയളവിലെ കണക്കുപ്രകാരം ജയശങ്കറിന്റെയും ഭാര്യയുടെയും ആകെ ആസ്തിയില്‍ 29.4 ശതമാനം വര്‍ധനവാണു ണ്ടായത്. ഡല്‍ഹി വസന്തവിഹാറിലുള്ള അപ്പാര്‍ട്ട്‌മെന്റും ഇതില്‍ ഉള്‍പ്പെടും. ഡല്‍ഹിയിലെ രണ്ട് വീടുകളും ഷിംലയിലെ 1.5 ഏക്കര്‍ കൃഷിഭൂമിയും ഉള്‍പ്പെടെ 20.09 കോടിയുടെ ആസ്തിയാണ് മന്ത്രിക്കുള്ളത്. ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന ജയ്ശങ്കര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചസത്യവാങ്മൂലത്തിലാണ് സ്വത്തു വിവരം വെളിപ്പെടുത്തിയത്. 2019-ലെ സത്യവാങ്മൂലത്തില്‍ 15.52 കോടി രൂപയുടെ വ്യക്തിഗത സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
ശമ്പളവും വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനവുമാണ് ജയ്ശങ്കറിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി ചൂണ്ടിക്കാട്ടുന്നത്. ഭാര്യ ക്യോകോ ഡല്‍ഹി വിമാനത്താവളത്തിന്റെയും ഹൈദരാബാദ് വിമാനത്താവളത്തിന്റെയും കണ്‍സള്‍ട്ടന്റാണ്.