ന്യൂഡല്‍ഹി: ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് (ഐ.എസ്.എഫ്.ആര്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വനവിസ്തൃതിയില്‍ 2,200 സ്‌ക്വയര്‍ കിലോമീറ്റര്‍ വര്‍ധനയുണ്ടായതായി കണ്ടെത്തല്‍. രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും ഇപ്പോള്‍ 80.9 ദശലക്ഷം ഹെക്ടറാണ്. ഇത് ആകെ വരുന്ന ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനമാണ്.
ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്, ലയണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ വനവിസ്തീര്‍ണത്തെ കുറിച്ചുള്ള ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) റിപ്പോര്‍ട്ടും ഇതോടൊപ്പം ഇടം നേടിയിട്ടുണ്ട്. വിസ്തീര്‍ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വനപ്രദേശമടങ്ങിയ സംസ്ഥാനമാണ് മധ്യപ്രദേശ്. തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ്. വനവിസ്തൃയിലുണ്ടായ വര്‍ധന കൂടുതല്‍ സംരക്ഷണ മാനദണ്ഡം, പ്രതിരോധം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വനവിസ്തീര്‍ണത്തില്‍ മുന്‍പന്തിയില്‍ അഞ്ച് സംസ്ഥാനങ്ങളാണുള്ളത്. മിസോറാം (84.53%), അരുണാചല്‍ പ്രദേശ് (79.33%), മേഘാലയ (76.00%), മണിപ്പൂര്‍ (74.34%), നാഗാലാന്‍ഡ് (73.90%).