ന്യൂഡല്‍ഹി; ചൈനയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി തുടരുന്നത് കണക്കിലെടുത്ത് ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായി ഇരിക്കാന്‍ കേന്ദ്ര നിര്‍ദേശം. യുഎസില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കക്ക് ഇടവരുത്തുന്നു. പോസിറ്റീവ് കേസുകളുടെ ജീനോം സ്വീക്വന്‍സിങ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതി.
ജപ്പാന്‍, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കോവിഡ് കേസുകളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. കൃത്യമായ പരിശോധനയിലൂടെ രാജ്യത്തു പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടോയെന്ന് കണ്ടെത്തുക, ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തില്‍ പറയുന്നത്.
ഇന്ത്യയില്‍ 50ല്‍ അധികം ലബോറട്ടറികളുടെ ശൃംഖലയായ ഇന്‍സാകോഗിലൂടെ പരിശോധിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് കേസുകളില്‍ ജനിതക വ്യതിയാനം നിരീക്ഷിക്കാനാണ് ഇത്. പുതിയ വൈറസ് വകഭേദത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജീനോം സീക്വന്‍സിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകള്‍ ന്‍സാകോഗിലേക്ക് അയയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.