സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡും ശ്വാസകോശ അസുഖങ്ങളും വര്‍ധിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികള്‍, ചികിത്സ എന്നിവ യോഗം വിലയിരുത്തി
മരുന്നുകള്‍, ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഒക്‌സിജന്‍ പ്ലാന്റുകള്‍, സിലിന്‍ഡറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാന തലങ്ങളില്‍ ഓരോ 3 മാസത്തിലും മോക്ക് ഡ്രില്ലുകള്‍ നടത്തണം.
നിലവിലുള്ള സാഹചര്യം നേരിടാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തി ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ കൈക്കൊള്ളുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വസ്തുതാപരമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തി കുറക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
കൊവിഡ് കേസുകള്‍, പരിശോധനകള്‍, പോസിറ്റീവ് കണക്കുകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൊവിഡ് പോര്‍ട്ടലില്‍ യഥാസമയം പങ്കിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.