X

20 വര്‍ഷത്തിനിടയില്‍ വന്‍ വര്‍ധന; ലോകരാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍. ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ 1.79 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിതം നയിക്കുന്നത്. മെക്സിക്കോ (1.12 കോടി), റഷ്യ (1.08 കോടി) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

20 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റം വന്‍ തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2000ല്‍ ലോകത്ത് വിദേശികളുടെ എണ്ണത്തില്‍ മൂന്നാമതായിരുന്നു ഇന്ത്യ. റഷ്യയും മെക്സിക്കോയുമായിരുന്നു മുന്നില്‍. അന്ന് 79 ലക്ഷം ഇന്ത്യക്കാരായിരുന്നു വിദേശരാജ്യങ്ങളിലുണ്ടായിരുന്നത്. 20 വര്‍ഷത്തിനിടെ പ്രവാസികളായത് ഒരു കോടി ഇന്ത്യക്കാരാണ്.
ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യങ്ങളാണ് മുന്നില്‍. ഇവയില്‍ യു.എ.ഇയിലാണ് ഏറ്റവും കൂടുതല്‍. 2020ലെ കണക്ക് പ്രകാരം 34,71,300 ഇന്ത്യക്കാരാണ് യു.എ.ഇയില്‍ മാത്രമുള്ളത്. രണ്ടാമത് യു.എസും മൂന്നാമത് സൗദി അറേബ്യയുമാണ്. യു.എസില്‍ 27,23,764ഉം 25,02,337 പേരാണുള്ളത്.

webdesk11: