X

ബ്രസീലില്‍ കാര്‍ണിവല്‍ ആഘോഷത്തിനിടെ വന്‍ പ്രളയം; 36 മരണം

ബ്രസീലില്‍ ഉണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പെട്ട് 36പേര്‍ മരിച്ചു. സാവോ പോളോ അടക്കമുള്ള നഗരങ്ങളിലാണ് പ്രളയം. ബ്രസീലിയന്‍ കാര്‍ണിവല്‍ ആഘോഷത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. വിദേശ സഞ്ചാരികള്‍ അടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായുമാണ് റിപ്പോര്‍ട്ട്. ദുരന്ത പ്രദേശങ്ങളിലേക്ക് രക്ഷാ സംഘത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും സാവോ സെബാസ്റ്റിയോ പ്രാദേശിക ഭരണകൂടം അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ മാറ്റിവച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സാവോ പോളോ ഗവര്‍ണര്‍ അറിയിച്ചു. സാവോ സെബാസ്റ്റിയോ, ഉബാടുബ, ബെര്‍ടിയോഗ, ഗുവാരുജ മേഖലകളില്‍ പ്രളയം കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട്. സാവോ സെബാസ്റ്റിയോയില്‍ ദേശീയ ദുരന്തം പ്രഖ്യാപിച്ചു. ഇവിടേക്കുള്ള ഹൈവേകളും അടച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബ്രസീല്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബ്രസീലിലെ തെക്ക് കിഴക്കന്‍ നഗരമായ പെട്രോ പൊളിസിലുണ്ടായ പ്രളയത്തില്‍ 230പേര്‍ കൊല്ലപ്പെട്ടിരുന്നു.

webdesk13: