മാഞ്ചസ്റ്റര്‍: യു.എസ് പോപ്പ് ഗായിക അരിയാന ഗ്രാന്റെയുടെ സംഗീത പരിപാടിക്കിടെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അറീനയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
സംഗീത പരിപാടിയുടെ അവസാന ഘട്ടത്തിലാണ് വേദിയെയും സമീപ പ്രദേശങ്ങളെയും നടുക്കുന്ന ശബ്ദത്തോടെ സ്‌ഫോടനം നടന്നത്. നേരത്തെ സ്ഥാപിച്ച ‘നെയില്‍ ബോംബ്’ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. പ്രാദേശിക സമയം രാത്രി 10.35-നായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് 21,000 സീറ്റുള്ള അറീനയില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തേക്കൊഴുകി. പലരുടെയും കൈകളിലും ശരീരത്തിലും രക്തമുണ്ടായിരുന്നതായും മിക്കവരും നിലവിളിക്കുന്നതായും വീഡിയോ ഫുട്ടേജുകളില്‍ നിന്ന് വ്യക്തമാകുന്നു.
സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും എമര്‍ജന്‍സി പോലീസും നിയന്ത്രണം ഏറ്റെടുത്തു. സ്‌ഫോടനം നടന്ന സ്ഥലത്തിനു തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷന്‍ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടം വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. നിരവധി പേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്തകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.