X

ടി-20; രാജ്‌ക്കോട്ടില്‍ ഇന്ത്യക്ക് തോല്‍വി

രാജ്‌ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ചൊവ്വാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. കിവീസ് സമ്മാനിച്ച 196 റണ്‍സിന്റെ വലിയ ദൂരം പിന്നിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ സന്ദര്‍ശകര്‍ വിജയിച്ചത് 40 റണ്‍സിന്. 156 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോയായിരുന്നു കിവി ഇന്നിംഗ്‌സിലെ ഹീറോ. ഇരുപത് ഓവറില്‍ അവര്‍ നേടിയ 196 റണ്‍സില്‍ 109 റണ്‍സും സംഭാവന ചെയ്തത് ഈ വലം കൈയ്യന്‍ ബാറ്റ്‌സ്മാന്‍.

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റ് കൊണ്ടും ഫീല്‍ഡര്‍ എന്ന നിലയിലും പരാജിതനായ മണ്‍റോ ഇന്നലെ സെഞ്ച്വറി പിന്നിട്ടത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയ ആനുകൂല്യത്തിലായിരുന്നു. രണ്ട് വട്ടം അദ്ദേഹത്തിന് ലൈഫ് നല്‍കി ചാഹലും ശ്രേയാസ് അയ്യരും. ആദ്യ മല്‍സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിംഗില്‍ ഉജ്ജ്വലമായി മുന്നേറിയ ഇന്ത്യ ഇന്നലെ ആ ഫോമിന്റെ നിഴലായി മാറി. ക്യാച്ചുകള്‍ മാത്രമല്ല ഗ്രൗണ്ട് ഫീല്‍ഡിംഗും ദയനീയമായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിലും മണ്‍റോയും തമ്മിലുള്ള ആദ്യ വിക്കറ്റ് സഖ്യം 105 റണ്‍സാണ് വാരിക്കൂട്ടിയത്. ഭുവനേശ്വര്‍ കുമാര്‍, കന്നി മല്‍സരം കളിച്ച മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഇന്ത്യക്കായി പുതിയ പന്തെടുത്തത്. പക്ഷേ രണ്ട് പേര്‍ക്കും തുടക്കത്തില്‍ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാനായില്ല. ജസ്പ്രീത് ബുംറയെയും ചാഹലിനെയും നേരത്തെ തന്നെ വിരാത് കോലി രംഗത്തിറക്കി. പക്ഷേ റണ്‍് നിരക്ക് നിയന്ത്രിക്കാനായതല്ലാതെ വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലുടനീളം മികച്ച ഫോമില്‍ പന്തെറിയുന്ന ചാഹല്‍ ഗപ്ടിലിനെ പുറത്താക്കിയെങ്കിലും മണ്‍റോ ഒരറ്റത്ത് യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പറത്തി. പുറത്താവാതെ 109 റണ്‍സ് അദ്ദേഹം നേടിയത് കേവലം 58 പന്തില്‍ നിന്ന്. മൂന്ന് സിക്‌സറുകളും അത്രയും ബൗണ്ടറികളും അതിനിടെ പിറന്നു.

വില്ല്യംസണെ പുറത്താക്കുന്നതില്‍ സിറാജ് വിജയിച്ചു. നല്ല കൂറെ പന്തുകള്‍ എറിഞ്ഞെങ്കിലും ഹൈദരാബാദുകാരന്‍ നിര്‍ഭാഗ്യവാനായിരുന്നു. സ്വന്തം മൈതാനത്ത് അക്‌സര്‍ പട്ടേലും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പാളി. 11 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. രോഹിത് ശര്‍മയെയും (5), ശിഖര്‍ ധവാനെയും (1) പുറത്താക്കിയത് ബോള്‍ട്ട്. ഫോമിലുള്ള നായകന്‍ വിരാത് കോലിയും പുതിയ താരം ശ്രേയാസ് അയ്യരും പക്ഷേ കടന്നാക്രമണം നടത്തി. വലിയ സ്‌ക്കോര്‍ പിന്തുടരുന്നതിനാല്‍ ആക്രമണം മാത്രമായിരുന്നു പ്രതിവിധി. അയ്യര്‍ 23 റണ്‍സില്‍ മണ്‍റോാക്ക് വിക്കറ്റ് നല്‍കി. പകരം വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ടി-20 യില്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായ ഓള്‍റൗണ്ടര്‍ ഇവിടെയും രണ്ടാം പന്തില്‍ പുറത്തായി. എം.എസ് ധോണിയെ സാക്ഷിയാക്കി കോലി അര്‍ധശതകം പിന്നിട്ടു. അപ്പോഴേക്കും പക്ഷേ വിജയദൂരം അകലുകയായിരുന്നു. ധോണി അര്‍ധശതകം നേടി.

chandrika: