ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് റെയില്‍വേ. ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 13 കുട്ടികള്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ പുതിയ തീരുമാനം. 2020 മാര്‍ച്ച് 31നകം ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ മുറിച്ചു കടക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ റെയില്‍വേ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരികയാണെന്നും ഇതിലൂടെ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അശ്വിനി കുമാര്‍ പറഞ്ഞു. 2014-15ല്‍ 50 അപകടങ്ങളാണ് ആളില്ലാത്ത ലെവല്‍ ക്രോസുകളിലുണ്ടായത്. 2015-16ല്‍ അത് 29 ആയി കുറഞ്ഞു. 2016-17ല്‍ അത് 10 ആയി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 5792 ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ നിലവിലുണ്ടെന്നും അശ്വനി കുമാര്‍ വ്യക്തമാക്കി.