ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്‌സുപ്രീംകോടതി. വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന് കോടതി ചോദിച്ചു.
2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 1.77 ദശലക്ഷം ജനങ്ങള്‍ സ്വന്തമായി വീടില്ലാത്തവര്‍ ഉണ്ട്. മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരുമിത്. സ്ഥിരമായ മേല്‍വിലാസങ്ങളും ഇവര്‍ക്കുണ്ടാകില്ല. അതിനര്‍ത്ഥം അവര്‍ ഈ രാജ്യത്ത് ജീവിക്കുന്നില്ല എന്നാണോ. അങ്ങനെയാണോ ഇന്ത്യാ ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്- ജസ്റ്റിസ് മദന്‍ ബി ലൊകൂര്‍ അധ്യക്ഷനായ സാമൂഹ്യനീതി ബെഞ്ച് ചോദിച്ചു.ഭവനരഹിതരായ ആളുകള്‍ക്കുവേണ്ടിയുള്ള നൈറ്റ് ഷെല്‍ട്ടറുകളുടെ അഭാവം രാജ്യത്ത് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിതര സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയില്‍ അമരുമ്പോഴും വേണ്ടത്ര നൈറ്റ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു.
ആധാര്‍ ലഭിക്കുന്നതിന് സ്ഥിരം വിലാസം ആവശ്യമാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അതേ എന്നായിരുന്നു ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുടെ മറുപടി. സ്വന്തമായി വീടും സ്ഥിരവിലാസവും ഇല്ലാത്തവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നിങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം.നഗരങ്ങളിലെ ഭവനരഹിതരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍നിന്ന് കുടിയേറിയവരാണെന്നും ഇവര്‍ക്ക് സ്വന്തം നാടുകളിലെ മേല്‍വിലാസത്തില്‍ ആധാറിന് അപേക്ഷിക്കാമെന്നുമായിരുന്നു യു.പി സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. യു.ഐ.എ.ഡി.ഐക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതും താന്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ യു.ഐ.എ.ഡി.ഐയില്‍നിന്ന് കൂടുതല്‍ വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദീന്‍ ദയാല്‍ നഗര ഭവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.കിടക്കാന്‍ ഒരിടമില്ലാത്തവരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനുള്ള സൗകര്യമെങ്കിലും സര്‍ക്കാര്‍ ഒരുക്കി നല്‍കണമെന്നും ജസ്റ്റിസ് ലൊകൂര്‍ നിര്‍ദേശിച്ചു.