മാഡ്രിഡ്: ലാ ലീഗ കിരീടവും, കിങ്‌സ് കപ്പും സ്വന്തമാക്കിയ ബാഴ്‌സലോണ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ ഞായറാഴ്ച ചിര വൈരികളായ റയല്‍ മാഡ്രിഡിനെ നേരിടും. ലാ ലീഗ കിരീടം കൈവിട്ട റയല്‍ മാഡ്രിഡ് മൂന്നാം വര്‍ഷവും തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന നേട്ടമാണ് ഇനി ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി ടീമിന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ബാഴ്‌സക്കെതിരായ പോരാട്ടം. 10 വര്‍ഷത്തിനിടെ ഏഴാം തവണയും ലീഗ് കപ്പ് സ്വന്തമാക്കിയ ബാഴ്‌സയാവട്ടെ സീസണിന്റെ അവസാനം ഒരു മത്സരം തോല്‍ക്കാതെ തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന റയലിന് അത്‌ലറ്റിക്കോയെ പിന്തള്ളി രണ്ടാമതെത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. ലാ ലീഗയില്‍ റയലുമായുള്ള അന്തരം 18 പോയിന്റാക്കി ഉയര്‍ത്തിയ ബാഴ്‌സ റയലിനെതിരെ ഇത്രയും പോയിന്റ് വ്യത്യാസം ലീഗില്‍ നേടുന്നതും ഇതാദ്യമായാണ്. ഡിസംബറില്‍ 3-0ന് തോറ്റ ക്ഷീണം തീര്‍ക്കാനും മത്സരം സിനഡിന്‍ സിദാന്റെ സംഘത്തിന് നിര്‍ണായകമാണ്. ലീഗ് കിരീടം തീരുമാനിക്കപ്പെട്ടതിന് ശേഷം എല്‍ ക്ലാസിക്കോ നടക്കുന്നത് 2008ന് ശേഷം ഇതാദ്യമായാണ്. ആഭ്യന്തര ലീഗില്‍ പിന്തള്ളപ്പെട്ടെങ്കിലും ബാഴ്‌സ പരാജയപ്പെട്ട ചാമ്പ്യന്‍സ് ലീഗില്‍ കലാശക്കളിക്ക് അര്‍ഹത നേടിയതാണ് റയലിന് ആശ്വാസം പകരുന്നത്. 13-ാം യൂറോപ്യന്‍ കിരീടം ലക്ഷ്യമിടുന്ന റയല്‍ 26ന് നടക്കുന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളിനെയാണ് നേരിടുക. 1976ല്‍ ബയേണ്‍ മ്യൂണിക്ക് ഹാട്രിക് കിരീടം നേടിയ ശേഷം തുടര്‍ച്ചയായി മൂന്നു വര്‍ഷം കിരീടം സ്വന്തമാക്കാനുള്ള അവസരവും റയലിന് മുന്നിലുണ്ട്.