X

സി.പി.എം എന്തിനിത്ര ബേജാറാവുന്നു

റസാഖ് ആദൃശ്ശേരി

ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ കേരളത്തിലെ സി.പി.എം വലിയ ബേജാറിലാണ്. ആരെയും നാണിപ്പിക്കുംവിധമുള്ള വിമര്‍ശനങ്ങളാണ് ജാഥക്കെതിരെ പാര്‍ട്ടി അഴിച്ചുവിടുന്നത്. രാജ്യത്ത് നടമാടുന്ന സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം, രാഷ്ട്രീയരംഗത്തെ ഏകാധിപത്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും യാത്രയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തികാണിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉടലെടുക്കാന്‍ കാരണം ബി.ജെ.പിയുടെ ദുര്‍ഭരണമാണ്. അത് സി.പി.എമ്മിനു അറിയാത്ത കാര്യമല്ല. അതിനെതിരെ ആര് ശബ്ദമുയര്‍ത്തിയാലും അതിനെ പിന്തുണക്കുകയല്ലേ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടത്? പക്ഷേ, സി.പി.എം നഖശിഖാന്തം ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഈ യാത്രയോട് അവര്‍ക്കുള്ള ‘അസഹിഷ്ണുത’ വ്യക്തമാക്കുന്നുണ്ട്. ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായ സാന്നിധ്യമായി ഈ വന്ദ്യവയോധിക കക്ഷി മാറിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും കോണ്‍ഗ്രസിനെ ബാധ്യതയായാണ് ഇന്നു കാണുന്നത്. കോണ്‍ഗ്രസുമായി കൈ തൊട്ടാല്‍ പരാജയമായിരിക്കും ഫലമെന്ന ബോധ്യത്തിലേക്ക് പ്രാദേശിക കക്ഷികള്‍പോലും എത്താന്‍ തുടങ്ങി. കഴിഞ്ഞദിവസം ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് പറഞ്ഞത് പ്രാദേശിക കക്ഷികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ ഡ്രൈവിംഗ് സീറ്റില്‍ അവരെ തന്നെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അതിനായി വാശി പിടിക്കരുതെന്നുമാണ്’. (എം.വി ഗോവിന്ദന്‍, ദേശാഭിമാനി 15.09.2022). തികച്ചും വാസ്തവവിരുദ്ധമായ പ്രസ്താവനയാണിത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള കക്ഷി ഇന്നും കോണ്‍ഗ്രസ് തന്നെയാണ്.

ബി.ജെ.പിയെയും നരേന്ദ്രമോദിയെയും ശക്തമായി എതിര്‍ക്കുന്നതും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തന്നെ. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് ശരി തന്നെയാണ്. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. അത് പരിഹരിക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിനു ശക്തിയുമുണ്ട്. എന്നാല്‍ ആര്‍. ജെ.ഡി നേതാവ് തേജസ്വിയാദവിനെ കൂട്ടുപിടിച്ചു പാര്‍ട്ടി സെക്രട്ടറി എഴുതുന്നതിനു സി.പി.എമ്മിന്റെ ഘടകകക്ഷിയായ സി.പി.ഐയുടെ പത്രം തന്നെ മറുപടി പറയുന്നുണ്ടെന്നതാണ് രസകരം. ‘ജോഡോ യാത്ര പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജെ.ഡി.യു, ആര്‍.ജെ.ഡി നേതാക്കള്‍ കോണ്‍ഗ്രസിനോടുള്ള സമീപനം തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് വിലയിരുത്തുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലവും രാജ്യത്ത് ആ പാര്‍ട്ടിയുടെ സാന്നിധ്യവും അവഗണിച്ചു കൊണ്ടു ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിനെപറ്റി ചിന്തിക്കാനാവില്ല എന്ന വ്യക്തമായ നിലപാട് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി സംസ്ഥാനങ്ങളില്‍ പരിമിതപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യവും അദ്ദേഹം അംഗീകരിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ രാജ്യത്തെ 12 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ഇതര ബി.ജെ.പി വിരുദ്ധ ശക്തികളും കൈകോര്‍ത്താല്‍ മോദി ഭരണത്തിനു അന്ത്യം കുറിക്കാനാവുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല’. എന്നാല്‍ സെപ്തംബര്‍ 16 ലെ സി.പി.എം പാര്‍ട്ടി പത്രത്തിന്റെ എഡിറ്റോറിയല്‍ പറയുന്നത്, ‘ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ വിശാല മതനിരപേക്ഷ, ജനാധിപത്യശക്തികളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രാദേശിക കക്ഷികള്‍ സ്വീകരിക്കുന്നത്’ എന്നാണ്. ഇത് സി.പി.എമ്മിന്റെ കള്ള പ്രചാരണമാണെന്നു മുകളിലത്തെ വരികളില്‍ നിന്നും മനസ്സിലാക്കാം. സി.പി.ഐ പോലും ഈ വാദം അംഗീകരിക്കുന്നില്ല. ഇന്ത്യയിലെ പ്രബലമായ പ്രാദേശിക കക്ഷി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് മുന്നണിയിലാണ്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്തത് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി, ശരത്പവാര്‍ തുടങ്ങി പ്രതിപക്ഷ നേതാക്കളാരും കോണ്‍ഗ്രസിനെ തള്ളി പറഞ്ഞിട്ടില്ല. പലര്‍ക്കും ചില നിബന്ധനകളും ആവശ്യങ്ങളും ഉണ്ടായേക്കാം. അതെല്ലാം ജനാധിപത്യ പ്രക്രിയയില്‍ സര്‍വസാധാരണമാണ്.

ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ കൂട്ടായ്മയുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ള ഏകകക്ഷി സി.പി.എം മാത്രമാണ്. കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതാണ് അതിനു കാരണമായി സി.പി.എം പറയുന്നത്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചു പോയത്രെ, അവരുടെ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയികൊണ്ടിരിക്കുന്നുവത്രെ. സി.പി.എം വളരെ ഭദ്രമാണെന്നും അവരുടെ പാര്‍ട്ടി ദിനംതോറും വളരുകയാണെന്നും ഇതു കേട്ടാല്‍ തോന്നും. അന്യന്റെ കുറ്റവും കുറവും നോക്കുന്ന സമയം സ്വന്തത്തിലേക്ക് തിരിഞ്ഞു നോക്കാനെങ്കിലും സി.പി.എം തയ്യാറാവണം. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിച്ച പിളര്‍പ്പിലൂടെ രൂപംകൊണ്ട സി. പി.എം, ഒരു ഘട്ടത്തില്‍ കേന്ദ്ര ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്‍ട്ടിയായിരുന്നു. 1996ല്‍ കേന്ദ്രത്തിലെ കൂട്ടുകക്ഷി ഭരണത്തില്‍ സി.പി.എം നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്തി സ്ഥാനത്തേക്ക് വരെ പരിഗണിച്ചിരുന്നു. ആ അവസരം നഷ്ടപ്പെടുത്തിയത് പാര്‍ട്ടിയുടെ ചരിത്രപരമായ മണ്ടത്തരങ്ങളില്‍ ഒന്നായി ജ്യോതിബസുതന്നെ പിന്നീട് വിലയിരുത്തുകയുണ്ടായി. പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ദീര്‍ഘകാലം ഭരണം നടത്തിയ പാര്‍ട്ടി അതിദയനീയമാംവിധം അവിടങ്ങളില്‍നിന്നു തൂത്തെറിയപ്പെട്ടു. ത്രിപുരയില്‍ സഖാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറി. പാര്‍ട്ടി ഓഫീസുകള്‍ ബി.ജെ.പി ഓഫീസുകളായി മാറി. ഇന്നു അവിടെ കാഴ്ചക്ക് പോലും ചെങ്കൊടി കാണാനില്ല. 40ല്‍ പരം പാര്‍ലമെന്റ് അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലേക്ക് ഒതുങ്ങി. കേരളത്തിലടക്കം പാര്‍ട്ടി അണികള്‍ ഏതു നിമിഷവും സംഘ്പരിവാര്‍ പക്ഷത്തേക്ക് കൂറുമാറാവുന്ന വിധം വര്‍ഗീയവത്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ബി.ജെ.പിയുടെ ‘ബി’ ടീമാണ് സി.പി.എം എന്നു പറയുന്നത്. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നതിനെ വലിയ നേട്ടമായി വിലയിരുത്തുന്ന സി.പി. എം അതിനു സ്വീകരിച്ച മാര്‍ഗങ്ങള്‍ എത്രമാത്രം ഗുരുതരമായിരുന്നു? വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ അവര്‍ സംഘ്പരിവാറിനെ കവച്ചുവെച്ചു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടി യു. ഡി.എഫ് അധികാരത്തില്‍ വന്നാല്‍, ‘അമീര്‍ ഹസ്സന്‍ കുഞ്ഞാലികുട്ടി’ ഭരണമായിരിക്കുമെന്നു പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പംനിര്‍ത്താന്‍ സ്‌കോളര്‍ഷിപ്പുകള്‍ മുഴുവനും മുസ്‌ലിംകള്‍ തട്ടിയെടുക്കുകയാണെന്നു പ്രചരിപ്പിച്ചു. മുസ്‌ലിംകള്‍ അവരുടെ സ്വന്തം പണം കൊണ്ടു നടത്തിപ്പോരുന്ന മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ടെന്ന് കള്ള പ്രചാരണം നടത്തി. ബി.ജെ.പി പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ഒരു മന:സാക്ഷികുത്തുമില്ലാതെ സി.പി.എം പറഞ്ഞു. എന്നിട്ടാണ് കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നുവെന്ന് ആക്ഷേപിക്കുന്നത്. വര്‍ഗീയത പ്രചരിപ്പിച്ചു കേരളീയ സമൂഹത്തില്‍ വിഷവിത്ത് പാകി അധികാരത്തില്‍ വന്നതിനെ വലിയ നേട്ടമായി എണ്ണുന്നത്.

‘സംഘ്പരിവാറിന്റെ ഹിന്ദുത്വ കോര്‍പറേറ്റ് അമിതാധികാര പ്രവണതകളെ ശക്തമായി എതിര്‍ക്കുകയാണ് സി.പി.എം’. പാര്‍ട്ടി സെക്രട്ടറിയുടെ വരികളാണിത്. സി.പി.എം നേതാക്കളില്‍നിന്നും ഈ പല്ലവി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. യഥാര്‍ഥ്യത്തില്‍ സംസ്ഥാനത്ത് ബി.ജെ.പിയെ ഏറ്റവും കൂടുതല്‍ സഹായിക്കുകയല്ലേ സി.പി.എം ചെയ്യുന്നത്? ഭാരത് ജോഡോ യാത്രയെ എതിര്‍ക്കുന്നതില്‍ ഒറ്റപ്പെട്ടുപോകുമായിരുന്ന ബി.ജെ. പിയെ സഹായിക്കാന്‍ മുന്നോട്ടുവന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടി സി.പി. എം ആണ്. ആര്‍.എസ്.എസിന്റെ കാവിനിക്കര്‍ കത്തിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ കാര്‍ട്ടൂണ്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ പ്രകോപിപ്പിച്ചത് സി.പി.എമ്മിനെയായിരുന്നു. ‘യാത്രയുടെ റൂട്ടുമാപ്പ്’ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. പദയാത്രയിലെ സ്ഥിരം പ്രതിനിധികള്‍ക്ക് കിടന്നുറങ്ങാന്‍ ഒരുക്കിയ കണ്ടയ്‌നറുകളെ എത്ര മോശമായ ഭാഷയിലാണ് സ്വരാജിനെ പോലെയുള്ള നേതാക്കള്‍ പരിഹസിച്ചത്. അവസാനം സി.പി.എം കേന്ദ്ര നേതൃത്വം യാത്രയെ എതിര്‍ക്കേണ്ടതില്ലെന്നു കേരള നേതൃത്വത്തോടു ആവശ്യപ്പെടുകവരെ ചെയ്തു. ബി.ജെ.പിയെപോലെ തന്നെ ‘കോണ്‍ഗ്രസ് മുക്തഭാരതം’ സ്വപ്‌നം കാണുന്ന സി.പി.എം ഇന്ത്യയില്‍ മതേതരത്വത്തെ പുഷ്‌ക്കലമാക്കുകയല്ല ചെയ്യുന്നത്. പകരം സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വളര്‍ത്തുകയാണ്. അല്‍പമെങ്കിലും വീണ്ടുവിചാരം സി.പി. എമ്മിനുണ്ടെങ്കില്‍, ഇന്ത്യയെന്ന ആശയത്തെതന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ വേണ്ടിയും രാജ്യത്തിന്റെ ജനാധിപത്യ, മതേതര സ്വഭാവം നിലനിര്‍ത്തുന്നതിനു വേണ്ടിയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചില്ലെങ്കിലും ആ നല്ല ലക്ഷ്യത്തെ എതിര്‍ക്കാതെയിരിക്കുകയെങ്കിലും ചെയ്തുകൂടേ.

Test User: