X
    Categories: FoodNews

റമദാന്‍ സ്‌പെഷ്യല്‍: മുട്ടപൊറോട്ട തയാറാക്കുന്ന വിധം

ഗോതമ്പുമാവ് – 3 കപ്പ്, മൈദ – 3 കപ്പ്, എണ്ണ – 1 ടേബിള്‍സ്പൂണ്‍, ഉപ്പ്- പാകത്തിന്, വെള്ളം – ആവശ്യത്തിന്, നെയ്യ് – 2 ടേബിള്‍സ്പൂണ്‍, മുട്ട – 4 എണ്ണം, പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം, സവാള ചെറുതായി അരിഞ്ഞത് – ഒന്ന്

തയാറാക്കുന്ന വിധം:-

ഗോതമ്പ് മാവും മൈദയും കൂട്ടി പാകത്തിന് ഉപ്പും ഒരു ടേബിള്‍സ്പൂണ്‍ എണ്ണയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. (അര മണിക്കൂര്‍ മാറ്റിവെയ്ക്കുക.) മറ്റൊരു പാത്രത്തില്‍ മുട്ട, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. കുഴച്ച മാവില്‍ നിന്നു ഒരു ഉണ്ട എടുത്ത് വലുപ്പത്തില്‍ മാവ് ഉരുട്ടി എടുത്ത് പരത്തുക.

ഇതിന്റെ മുകളില്‍ അല്‍പം നെയ്യ് തടവി കുറച്ച് ഗോതമ്പുപൊടി തടവി മുക്കാല്‍ ഭാഗം ഉള്ളിലേക്ക് മടക്കി കാല്‍ഭാഗം അതിന്റെ മുകളിലായി മടക്കിവെയ്ക്കുക. അതിന്റെ മുകളില്‍ വീണ്ടും ഒരല്‍പം നെയ്യ് തടവി ഗോതമ്പ് പൊടി വിതറി രണ്ടു വശങ്ങളില്‍ നിന്നും ഇതുപോലെ മുക്കാല്‍ ഭാഗവും അതിന്റെ മുകളിലായി കാല്‍ ഭാഗവും മടക്കി ഒരു ചതുരഷേപ്പ് ആക്കുക. ഇനി ഈ ചതുരഷേപ്പ് ഒന്നുകൂടി പരത്തുക. ചൂടായ തവയില്‍ (ചപ്പാത്തിക്കല്ലില്‍) ഓരോ ചപ്പാത്തിയും ഇട്ട് രണ്ടുവശവും തിരിച്ചും മറിച്ചും ഇടുക. ഒന്നു വാടി നന്നായി പൊള്ളിത്തുടങ്ങുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റിയിട്ട് വിരലുകള്‍ കൊണ്ടോ കത്തി കൊണ്ടോ മുകള്‍ ഭാഗത്തെ ഒരു പാളി ഒരു വശത്തായി ഇളക്കുക. ഇതിനകത്തേക്ക് മുട്ടക്കൂട്ട് സ്പൂണ്‍ കൊണ്ട് കോരിയൊഴിച്ച് ഇളക്കിയ പാളിയുടെ ഭാഗംകൊണ്ട് വീണ്ടും ഒട്ടിച്ച ശേഷം തവയിലേക്ക് തന്നെ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് പാകത്തിന് മൂപ്പിച്ച് ചുട്ടെടുക്കുക.

 

webdesk11: