X

20 ശതമാനം എണ്‍പതിനെ ഭരിക്കുന്ന വിധം- നിസാര്‍ ഒളവണ്ണ

മുമ്പെന്നോ വായിച്ചുപോയ ഒരുകഥ ഇപ്പോള്‍ ഓര്‍മയില്‍ തേട്ടിവന്നു. ഗുണപാഠമുള്ള, ഓര്‍ത്തിരിക്കേണ്ട കൊച്ചു കഥ.
കഥ ഇങ്ങനെ :’എല്ലാ ദിവസവും രാവിലെ ഉപ്പുമാവ് തരുന്നതിനെ എതിര്‍ക്കാന്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. 100 പേരുള്ള ഹോസ്റ്റലിലെ 80 വിദ്യാര്‍ത്ഥികളാണ് ഈ തീരുമാനം കൈകൊണ്ടത്. എന്നാല്‍ 20 പേര്‍ അപ്പോഴും ഉപ്പുമാവിനെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ അവര്‍ക്ക് എതിര്‍പ്പുമുണ്ടായിരുന്നില്ല. ഒടുവില്‍ തര്‍ക്കപരിഹാരമെന്നോണം വിദ്യാര്‍ത്ഥികളുടെ ആവശ്യം വോട്ടിനിടാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും രഹസ്യ ബാലറ്റില്‍ എഴുതി നല്‍കി. വോട്ടേണ്ണിയപ്പോള്‍ ഫലം ഇങ്ങനെ. 18 പേര്‍: മസാലദോശ, 16പേര്‍: പൊറോട്ട, 14 പേര്‍: ബ്രഡ്, ഓംലറ്റ്, 12 പേര്‍:അപ്പം, മുട്ടകറി, 10 പേര്‍ : നൂഡില്‍സ്,
10 പേര്‍:ഇഡ്ഡലി, സാമ്പാര്‍.. ചുരുക്കത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഉപ്പ്മാവ് തീന്‍മേശ ഭരിച്ചു. ഈ കഥയിലെ ഗുണപാഠം ഇങ്ങനെ : 80 പേര്‍ സ്വന്തം സ്വാര്‍ത്ഥലാഭത്തിന് വേണ്ടി വിഘടിച്ച് ചിന്നിചിതറി മാറി നില്‍ക്കുമ്പോള്‍ 20 പേര്‍ക്ക് 80 പേരെ ഭരിക്കാം’. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംനകളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇരുപത് ശതമാനം എണ്‍പതിനുമേല്‍ ആധിപത്യം സ്ഥാപിച്ച കഥ ഒന്ന്കൂടി ഓര്‍മ്മിപ്പിക്കണമെന്ന് തോന്നി.

ഉത്തര്‍പ്രേദേശ് തിരഞ്ഞെടുപ്പില്‍ 58.41 ശതമാനം വോട്ട് നേടിയവരെ പുറത്തുനിര്‍ത്തിയാണ് 41.59 ശതമാനം വോട്ട് നേടിയ ബി.ജെ.പി വീണ്ടും അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ സര്‍ക്കാരിനെതിരെയുണ്ടായിരുന്ന ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അതുവഴി അധികാരത്തില്‍ കയറിപ്പറ്റാമെന്നും പ്രതിപക്ഷകക്ഷികള്‍ എല്ലാവരും കരുതി. തങ്ങളാണ് വലിയവര്‍ എന്ന് ഓരോരുത്തരും കരുതിയാല്‍ പിന്നെ എന്താകും സ്ഥിതി. കോണ്‍ഗ്രസിനെക്കാള്‍ വലിയ അവകാശ വാദവുമായി സമാജ് വാദി പാര്‍ട്ടിയും, എസ്.പി യെക്കാള്‍ തങ്ങളാണ് വലുതെന്നു മായാവതിയുടെ ബി.എസ്.പിയും കണക്കാക്കി. സീറ്റ് വിഭജനത്തില്‍ ഉടക്കി ഓരോരുത്തരായി ഒറ്റക്ക് ഗോഥയില്‍ ഇറങ്ങി. ഒടുവില്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള തിരഞ്ഞെടുപ്പായി അഞ്ചിടത്തും. പരസ്പര ഏറ്റുമുട്ടലില്‍ മതേതര വോട്ടുകള്‍ ഭിന്നിച്ചു. പ്രതിപക്ഷ കക്ഷികള്‍ ചിന്നഭിന്നമായി. ഫലമോ ബി.ജെ.പി ക്ക് അനായാസ വിജയം. ഉത്തര്‍പ്രദേശിന് പുറമെ ഗോവയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഇതേ അനുഭവം ആവര്‍ത്തിച്ചു. പഞ്ചാബില്‍ ബി ജെ പി ഇല്ലെന്ന ആശ്വാസം മാത്രം. ഇവിടെ ചെറിതിരിവ് മുതലെടുത്തത് ആം ആദ്മി പാര്‍ട്ടി.വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കിട്ടിയ വോട്ട് ശതമാനം :(ഉത്തര്‍പ്രദേശ് ) പ്രതിപക്ഷപാര്‍ട്ടികള്‍:

സമാജ് വാദി പാര്‍ട്ടി 32%, ബി.എസ്.പി 12.75%, കോണ്‍ഗ്രസ് 2.38%, ആര്‍.എല്‍.പി 3.03%, മറ്റുള്ളവര്‍ 8.25%, ആകെ: 58.41%. ബി.ജെ.പി: 41.59%.ഗോവ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്: 23.46%, ആംആദ്മി പാര്‍ട്ടി 6.8%, എം .ജി.പി 7.6%, ജി.എഫ്.പി 1.84%, മറ്റുള്ളവര്‍ 26.99%. ആകെ: 66.69%. ബി.ജെ.പി 33.31%.ഉത്തരാഖണ്ഡ്: പ്രതിപക്ഷപാര്‍ട്ടികള്‍ കോണ്‍ഗ്രസ് 37.90%, ബി.എസ്.പി 4.85%, മറ്റുള്ളവര്‍ 12.95, ആകെ 55.7%. ബി.ജെ.പി 44.30%. മണിപ്പൂര്‍:പ്രതിപക്ഷപാര്‍ട്ടികള്‍കോണ്‍ഗ്രസ് 16.62%, എന്‍.പി.എഫ് 8.3%, എന്‍.പി.പി 17.07%, ജനതാദള്‍ യു 10.92%, മറ്റുള്ളവര്‍ 9.39%, ആകെ 62.03%. ബി.ജെ.പി 37.70% ഒന്നിച്ചുനിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നതിന്റെ സൂചനയാണിത്. ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും പാഠംപഠിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതൊരു നടക്കാത്തസ്വപ്‌നമായാണ് അണികള്‍ വിലയിരുത്തുന്നത്. വകതിരിവോടെ കാര്യങ്ങളെ സമീപിച്ചാല്‍ വിജയം വിദൂരമല്ല.

Test User: