അധികാരത്തോട് വിധേയപ്പെട്ട് കോടതി വിധികള്‍ ഇരകള്‍ക്ക് എതിരാവുന്നതോ നീതി പുലരാത്ത അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് അനുഭവപ്പെട്ടുവരുന്നത്. ഭരണകൂടത്തിന് അനുകൂല വിധികളാണ് പല കേസുകളിലും ഉന്നത നീതിപീഠങ്ങളില്‍നിന്നുപോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ അജണ്ടയുമായി ഭരണത്തിലെത്തിയ സംഘ്പരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് കോടതികള്‍പോലും സംശയത്തിന്റെ നിഴലിലായത്. ജുഡീഷ്യറിയെയും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര ഭരണകൂടത്തില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉദാഹരണങ്ങള്‍ എത്രയോ പറയാനുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്കുള്ള നിയമനം.
രാജ്യത്ത് വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത കാലത്തായി ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം അപകടകരമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫേസ്ബുക്ക് നടത്തിയ ഗവേഷണത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2020ന്റെ തുടക്കത്തില്‍ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകള്‍ 300 മടങ്ങ് വര്‍ധിച്ചതായാണ് ഡാറ്റാ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നത്. പൗരത്വ സമരം ശക്തമായ 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണം നടന്നത്. മുസ്‌ലിം വിരുദ്ധ പോസ്റ്റുകളും വര്‍ഗീയ പരാമര്‍ശങ്ങളും കലാപത്തിനുള്ള ആഹ്വാനങ്ങളും വരേ ഫേസ്ബുക്ക് പേജുകളില്‍ നിറഞ്ഞു. മുസ്‌ലിംകളെ വംശീയ ഉന്മൂനം നടത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത് ചാനല്‍ ചര്‍ച്ചാവേളയിലാണ്. ഈയൊരു അവസ്ഥ നിലവിലുള്ള സാഹചര്യത്തിലാണ് ബി.ജെ.പി നേതാവായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് ആശങ്കയുളവാക്കുന്നത്. ഗൗരിയുടെ നിയമനത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെ വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട വ്യക്തിയാണ് വിക്ടോറിയ ഗൗരി. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബഞ്ച് അഭിഭാഷകയായിരുന്ന ഗൗരിയെ അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ജനുവരി 17നാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഈ തീരുമാനമുണ്ടായ സമയം മുതല്‍ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിയ്ക്കും അടക്കം പരാതി ലഭിച്ചിരുന്നു.
ഇവരുടെ നിലപാടുകള്‍ ഭരണഘടനാമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കാട്ടി മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരു വിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് തൊട്ടു മുന്‍പായി ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പക്ഷേ ഹര്‍ജി തള്ളുകയാണുണ്ടായത്. ഹര്‍ജിയില്‍ വാദം കേട്ടതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് വിക്ടോറിയ ഗൗരി ചുമതലയേല്‍ക്കുകയും ചെയ്തു. മഹിളാ മോര്‍ച്ച മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ ഇവരെ അഡീഷണല്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കൊണ്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു. മറ്റു നിര്‍ദ്ദേശങ്ങളില്‍ സാധാരണ ഒരു വര്‍ഷം അടയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ശരവേഗത്തില്‍ നിയമനം നടത്തി എന്നതും ഓര്‍ക്കേണ്ടതുണ്ട്. പരസ്യമായി അന്യമത വിദ്വേഷം വമിപ്പിക്കുന്ന ഒരാളെ ജഡ്ജിയായി തിരഞ്ഞെടുത്തുവിട്ട സുപ്രീംകോടതി കൊളീജിയത്തിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണ്.
ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധത പ്രകടമാകുന്ന തരത്തില്‍ ഇവര്‍ ലേഖനങ്ങളും എഴുതിയിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരുപോലെ അപകടകാരികളാണെന്നും അതില്‍ കൂടുതല്‍ അപകടകാരികള്‍ ക്രിസ്ത്യന്‍ വിഭാഗമാണെന്നും വിക്ടോറിയ ഗൗരി പറഞ്ഞിരുന്നു. ലോക തലത്തില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളേക്കാള്‍ ഇസ്‌ലാമിക ഗ്രൂപ്പുകളാണ് കൂടുതല്‍ അപകടമെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ഗ്രൂപ്പുകളേക്കാള്‍ അപകടമാണ് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍. മതപരിവര്‍ത്തനത്തിന്റെയും ലവ് ജിഹാദിന്റെയും പശ്ചാത്തലത്തില്‍ രണ്ടും ഒരുപോലെ അപകടകരമാണ്. തന്റെ കുടുംബാംഗം ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിപരമായ അനുഭവവും ഇവര്‍ വിവരിക്കുന്നുണ്ട്. ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുള്ള ബോംബാക്രമണങ്ങളേക്കാള്‍ അപകടകരമാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്ര ഗ്രൂപ്പുകള്‍ നടത്തുന്ന മതപരിവര്‍ത്തനമെന്നും ഇവര്‍ പറയുന്നുണ്ട്. ഇവരുടെ വിദ്വേഷ മനോഭാവം തന്നെയാണ് പ്രശ്‌നം. ഇത്തരമൊരു മനസിന്റെ ഉടമക്ക് എങ്ങനെ നീതിയുക്തമായി വിധി പറയാനാകുമെന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ജുഡീഷ്യറിയും സംഘ്പരിവാര്‍ പിടിമുറുക്കിയാല്‍ രാജ്യം വലിയ വില നല്‍കേണ്ടിവരും.