X

നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കുക; യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ബുള്‍ഡോസര്‍ രാജില്‍ യുപി സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെ ഒരാളുടെ വീട് തകര്‍ക്കുക എന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു.

അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് റോഡ് വികസനത്തിന്റെ പേരില്‍ വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.

നോട്ടീസ് നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങുന്ന ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

മുന്നറിയിപ്പ് നല്‍കാതെ ഹൈവേ കയ്യേറിയെന്നാരോപിച്ച്് വീട് പൊളിച്ചെന്ന് ഹരജിക്കാരന്‍ പറഞ്ഞിരുന്നു. റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരില്‍ തന്റെ വീട് പൊളിച്ചുവെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സര്‍ക്കാര്‍ ആവസ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചതിനാല്‍ കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

webdesk17: