X
    Categories: Culture

മഴക്കാലം ആസ്വദിക്കാം രോഗങ്ങളെ അകറ്റാം

ഡോ. എം.പി മണി

സാഹിത്യകാരന്മാരുടെ മനസ്സില്‍ നിറപ്പകിട്ടാര്‍ന്ന മാരിവില്ലുകള്‍ വിരിയിക്കാന്‍ ശക്തിയുള്ളതാണ് മഴ. വിത്തിറക്കാന്‍ സമയമായി എന്നറിയിക്കുന്ന വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും വിളിക്ക് അകമ്പടിയായി പുതുവര്‍ഷത്തിന്റെ ഹര്‍ഷമഴയായി എത്തുന്ന മേടമാസത്തിലെ മഴ മുതല്‍ മീനമാസത്തിലെ സൂര്യന്റെ തീമഴ വരെ ഓരോ മാസത്തെയും മഴയെക്കുറിച്ച് പറയാറുണ്ട്. ഈ മഴകളില്‍ മഞ്ഞുമഴയും കുളിരുമഴയും ഇടിപൊടിയോടെയുള്ള ഇടവമഴയും എല്ലാം വളരെ ഭംഗിയായിട്ടാണ് ആസ്വദിക്കാറ്.

കുട്ടികള്‍ക്ക്, കോരിച്ചൊരിയുന്ന മഴക്കാലം ആഹ്ലാദത്തിന്റെ കാലമാണ്. മഴക്കാലത്ത് മുറ്റത്ത് നിറഞ്ഞ് നില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിച്ചാടുകയും കടലാസ് വഞ്ചിയിറക്കി കളിക്കുകയും ചെയ്യുന്നത് മനസ്സില്‍ സന്തോഷം നിറയുന്ന അവസരങ്ങളാണ്. ഒപ്പം, ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ശുക്രദശയു മഴക്കാലത്ത് ആസ്പത്രികളില്‍ നല്ല തിരക്കായിരിക്കും, ജലദോഷം, പനി, വയറിളക്കം, വയറുകടി, വാതം, പുറംവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം അത്ര സന്തോഷപ്രദമായിരിക്കുകയില്ല.

സത്യത്തില്‍ ഏറെ സന്തോഷകരമായി ചെലവഴിക്കാവുന്നതാണ് മഴക്കാലം. മഴക്കാലത്ത് വരുന്നത് മുന്‍കൂട്ടി കാണാതിരിക്കുകയും ചില മുന്‍കരുതലുകള്‍ എടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം അത്ര സന്തോഷകരമാകുകയില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുകുന്ന വെള്ളവുമായിരിക്കും എവിടെയും. സൂര്യപ്രകാശം കുറഞ്ഞ അന്തരീക്ഷവും മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളവും പല രോഗങ്ങള്‍ക്കും കാരണമാകാം.

ഗ്യാസ്‌ട്രോ എന്ററൈറ്റിസ്, ജലദോഷം, ചുമ, വയറുകടി, ശ്വാസംമുട്ട് എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. നീണ്ടകാലം നിലനില്‍ക്കുന്ന രോഗങ്ങളായ സന്ധിവാതം, പുറംവേദന, സ്‌പോണ്‍ഡിലൈറ്റിസ്, പഴകിയ വയറിളക്കം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം രോഗാവസ്ഥ കൂടുതലാകുന്നതാണ്. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരില്‍ തണുപ്പും കാറ്റും മഴയും ഉള്ള അന്തരീക്ഷം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനും കാരണമാകാറുണ്ട്.


മാലിന്യങ്ങള്‍ വേണ്ടപോലെ നശിപ്പിക്കാതിരിക്കുന്നതും നല്ല സംവിധാനങ്ങള്‍ ഇല്ലാത്ത അഴുക്ക്ചാലുകളുമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മഴക്കാലത്ത് കൂടുതല്‍ ഉണ്ടാകുന്നതിന് കാരണം. അങ്ങനെയാണ് മഴക്കാലങ്ങളില്‍ പകര്‍ച്ചപ്പനികളും മഞ്ഞപ്പിത്തവും കോളറയും ഗ്യാസ്‌ട്രോ എന്ററൈറ്റിസുമൊക്കെ ദുരിതത്തിലാക്കുന്നത്.

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, വഴിയോരങ്ങളില്‍ വില്‍ക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക, പാചകം ചെയ്ത ആഹാരങ്ങള്‍ ഈച്ച കയറാതെ അടച്ച് വെക്കുക, വീട്ടില്‍ മുഴുവനും, പ്രത്യേകിച്ച് അടുക്കളയിലും ഊണ് മുറിയിലും നല്ല വൃത്തി സൂക്ഷിക്കുക, ആര്‍ക്കെങ്കിലും പകരാന്‍ സാധ്യതയുള്ള രോഗം ഉണ്ടായാല്‍, അവരെ പ്രത്യേകമായി ഒരു മുറിയില്‍ താമസിപ്പിക്കുകയും അവരുടെ വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുക.


മഴക്കാലത്ത് വീട്ടിലെ ആര്‍ക്കെങ്കിലും ഛര്‍ദ്ദിയോ, വയറിളക്കമോ കാണുകയാണെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണണം. ആസ്പത്രിയില്‍ കിടക്കണം എന്നാണ് ഡോക്ടര്‍ പറയുന്നതെങ്കില്‍ അനുസരിക്കുക. ശരീരത്തിലെ ജലാംശം ക്രമത്തിലധികം നഷ്ടപ്പെടുന്ന അവസ്ഥ ചിലപ്പോള്‍ ഗുരുതരാവസ്ഥയിലേക്ക് നയിക്കാവുന്നതാണ്. വളരെ ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് അനുഭവപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ല. ലളിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഗൃഹൗഷധികള്‍ പ്രയോഗിച്ച് നോക്കാവുന്നതാണ്. ദഹനക്ഷയവും വയര്‍ അല്‍പം വീര്‍ത്തിരിക്കുന്നതായും തോന്നുകയാണെങ്കില്‍ അല്‍പം ഉലുവയോ, ഉലുവയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളമോ, ചെറുചൂടോടെ പല പ്രാവശ്യമായി കുടിച്ചാല്‍ സുഖം കിട്ടും.


വയറുവേദന ഉണ്ടാവുകയാണെങ്കില്‍ ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ അരനുള്ള് ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങ ചൂടോടെ കഴിച്ചാല്‍ മതിയാകും. വയറിളകുകയാണെങ്കില്‍ വേവിച്ച ഏത്തപ്പഴവും തിളപ്പിച്ചാറിയ മോരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നല്ല ഫലം ചെയ്യും. വയറുകടിയാണെങ്കില്‍ മാതളനാരങ്ങയുടെ തോടും മഞ്ഞളും ചതച്ചിട്ട് തിളപ്പിച്ച മോര് ചെറുചൂടോടെ കുടിക്കുക. മഴക്കാലത്ത് കറികളില്‍ ഇഞ്ചി ചേര്‍ക്കുന്നത് നല്ലതാണ്. വയറില്‍ അസുഖങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത് കുറെയേറെ ഉപകരിക്കും. അല്‍പം ഇഞ്ചിയും കുരുമുളക് പൊടിയും ചേര്‍ത്തുണ്ടാക്കിയ കടുംചായ പതിവായി കുടിച്ചാല്‍ തന്നെ ജലദോഷം, പനി, ചുമ എന്നിവ ബാധിക്കുകയില്ല. ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതും നല്ലതാണ്.


മഴ നനയാതിരിക്കലാണ് നല്ലത്. മഴ കൊള്ളേണ്ടി വരികയാണെങ്കില്‍ വീട്ടില്‍ വന്ന ഉടനെ നന്നായി തോര്‍ത്തി ചൂടുവെളളമോ, ചൂടുള്ള കാപ്പിയോ, ചായയോ കുടിച്ചാല്‍ മതി. ഇതില്‍ ഇഞ്ചി ചേര്‍ക്കുകയും ചെയ്താല്‍ വളരെ നല്ലതായിരിക്കും. മഴക്കാല രോഗങ്ങള്‍ക്ക് ഫലപ്രദവും ഒപ്പം സുരക്ഷിതവും ആയ ചില ആയുര്‍വേദ മരുന്നുകള്‍ ഓര്‍മ്മിച്ചിരിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ഉണ്ടാകുന്ന ജലദോഷം, ചുമ, പനി എന്നിവക്ക് സുദര്‍ശന ചൂര്‍ണം വളരെ ഫലപ്രദമാണ്. കഴിക്കുവാനുള്ള സൗകര്യത്തിനായി ഇത് ഇപ്പോള്‍ ടാബ്‌ലറ്റ് രൂപത്തില്‍ ലഭ്യമാണ്. ഈ സുദര്‍ശന ചൂര്‍ണം തന്നെ സന്ധികളിലെ വേദന, പുറംവേദന, പേശികളിലെ വലിഞ്ഞുമുറുക്കം എന്നിവക്കും ഉപയോഗിക്കാവുന്നതാണ്.

എപ്പോഴെങ്കിലും പഴകിയ ആഹാരം കഴിച്ചതിന്റെ ഫലമായോ, അല്ലാതെയോ ഉണ്ടാകുന്ന വയറുവേദന, ഇടക്കിടെ കക്കൂസില്‍ പോകണമെന്ന തോന്നല്‍, കക്കൂസില്‍ പോയാല്‍ അല്‍പം വീതം മാത്രം പോകുക എന്നീ അവസ്ഥകളില്‍ ഹിംഗുവചാദി ചൂര്‍ണം, ദാഡിമാഷ്ടക ചൂര്‍ണം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് കാച്ചിയ മോരില്‍ ചേര്‍ത്ത് ചെറുചൂടോടെ കഴിക്കുന്നത് ഗുണം ചെയ്യും.


കുട്ടികളില്‍ ജലദോഷം, പനി, ചുമ തുടങ്ങിയവ കാണുമ്പോള്‍ ഗോപീചന്ദനാദി ഗുളിക, പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്‍ ചേര്‍ത്ത് കൊടുത്താല്‍ ആശ്വാസം ലഭിക്കുന്നതാണ്. ഇതൊക്കെ പൊതുവെ ഉപയോഗിക്കാവുന്ന ചില ചികിത്സകളായി മാത്രം കരുതിയാല്‍ മതി. ഫലം കാണുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണണം. വേണ്ടതും വേണ്ടാത്തതുമൊക്കെ അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം ഒരു പ്രശ്‌നവും ഉണ്ടാക്കുകയില്ല. മാത്രമല്ല, മഴക്കാലത്തിന്റെ സൗന്ദര്യവും കുളിര്‍മയും വേണ്ടുവോളം ആസ്വദിക്കുകയും ആകാം.

Test User: