X

ഇരട്ടച്ചങ്കന്‍ മുട്ടുമടക്കിയതിങ്ങനെ- കെ.എം ഷാജഹാന്‍

കെ.എം ഷാജഹാന്‍

വളരെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ ഒരു രാഷ്ട്രീയ സമരം വിജയം കണ്ടു. സര്‍ക്കാര്‍, എടുക്കുന്ന തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്ന സംഭവങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍മൂലം ഒന്നാം പിണറായി സര്‍ക്കാര്‍ ഒന്നിലധികം തവണ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം ആലുവയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി എം.പിയുമായ ബെന്നിബെഹനാന്‍, ആലുവ, അങ്കമാലി എം.എല്‍.എമാരായ അന്‍വര്‍ സാദാത്ത്, റോജി എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരം നേടിയെടുത്ത ഉജ്വല വിജയം എന്തുകൊണ്ടും വ്യത്യസ്തമായിരുന്നു എന്ന് പറയാതെ വയ്യ. ഏകഛത്രപതിയായി കേരളം വാണുകൊണ്ടിരിക്കുന്ന പിണറായി വിജയനെ എല്ലാ അര്‍ത്ഥത്തിലും മുട്ടുകുത്തിച്ചു കളഞ്ഞു, ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ വെറും മൂന്നുദിവസം മാത്രം നീണ്ടുനിന്ന ആ തീപാറുന്ന പോരാട്ട സമരം.

എന്തായിരുന്നു ആ സമരകാരണമെന്ന് ആദ്യം നോക്കാം. ആലുവ എടയാട്ടുപുറം കക്കാട്ടില്‍ ദില്‍ഷാദിന്റെ മകളും നിയമവിദ്യാര്‍ഥിയുമായ 23 കാരിയായ മോഫിയ പര്‍വീണ്‍, വീടിനുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പില്‍ ആലുവ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീറിനെതിരെ നടപടി വേണമെന്ന് വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സി.ഐയുടെ പേര് വ്യക്തമായി പറഞ്ഞിരുന്നുവെങ്കിലും ഈ പൊലീസ് ഉദ്യോഗസ്ഥനെ തൊടാന്‍ ആഭ്യന്തര വകുപ്പ് തയാറായില്ല. ഈ വിഷയത്തില്‍ കേസെടുക്കണമെന്ന് മോഫിയ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും ആലുവ സി.ഐ തയാറായില്ല. മറിച്ച് മധ്യസ്ഥ ചര്‍ച്ചക്കായിരുന്നു സി.ഐക്ക് താല്‍പര്യം. പൊലീസ് സ്റ്റേഷനില്‍ വെച്ച് സി.ഐ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്നു സംസാരിക്കുകയും മോഫിയയോട് കയര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിനെയും ഒപ്പം ആലുവ സി.ഐയേയും നേരിട്ട് കുറ്റപ്പെടുത്തിക്കൊണ്ട് മോഫിയ വീട്ടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചത്. സ്വാഭിവകമായും സി.ഐയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ വന്ന സാഹചര്യത്തില്‍ ഈ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെന്റ് ചെയ്യേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇതിനെതിരെയാണ് ആലുവ പൊലീസ്‌സ്റ്റേഷനുമുന്നില്‍ മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാന്റെയും മറ്റു രണ്ടു എം.എല്‍.എ മാരുടെയും നേതൃത്വത്തില്‍ ആലുവ സി.ഐ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരമാരംഭിച്ചത്.

ഒരേ ഒരു ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി തന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ആലുവ സി.ഐ സി.എല്‍ സുധീറിനെ സസ്‌പെന്റ് ചെയ്യണം എന്നതായിരുന്നു ആ ആവശ്യം. തികച്ചും ന്യായവുമായിരുന്നു അത്. പക്ഷേ അതിന് സര്‍ക്കാര്‍ പുല്ലുവിലയാണ് കല്‍പിച്ചത്. രണ്ടാം തവണ അധികാരം, വമ്പിച്ച ഭൂരിപക്ഷം, പാര്‍ട്ടിയെ ചവിട്ടടിയില്‍ ഒതുക്കിയ മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ സമരം കണ്ടെന്ന് നടിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. അഹങ്കാരമായിരുന്നു ഭാവം. പക്ഷേ ഭരണകൂടത്തോട് ഏറ്റുമുട്ടാന്‍ വന്‍ ജനപിന്തുണയുമായി എറണാകുളം ജില്ലയിലെ തലമുതിര്‍ന്ന നേതാവായ ബെന്നി ബെഹനാന്‍ നേരിട്ട് രംഗത്തെത്തിയതോടെ രംഗമാകെ മാറി. കുറ്റാരോപിതനായ സി.ഐ.യെ സസ്‌പെന്റ് ചെയ്യാതെ ഒരടി പിന്നോട്ടില്ല എന്ന പ്രഖ്യാപനവുമായി ബെന്നി ബെഹനാനും യുവ എം.എല്‍.എ മാരായ അന്‍വര്‍ സാദാത്തും റോജി എം. ജോണും ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചതോടെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് അണികളാകെ ഇളകി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഷിയാസും ജില്ലയിലെ മറ്റുകോണ്‍ഗ്രസ് നേതാക്കളും സജീവമായി, ഊര്‍ജസ്വലരായി സമരംരംഗത്തേക്ക് ചാടിയിറങ്ങി. പെട്ടെന്നു തന്നെ സമരം ജനശ്രദ്ധയിലേക്കെത്തി.

പക്ഷേ അഹങ്കാരം ഒട്ടും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സമരക്കാരെ പരിഹസിക്കാനെന്നോണം ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സമാന്തരമായി പൊലീസ് സ്റ്റേഷനുമുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ ഒരുക്കി നിര്‍ത്തി. സമരത്തെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ബെന്നിബെഹനാന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ചെറുത്തു നില്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഭരണകൂടത്തെ ഞെട്ടിച്ചുകളഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ സര്‍വസന്നാഹങ്ങളുമായെത്തിയ പിണറായിയുടെ പൊലീസിന് മുന്നില്‍ നെഞ്ചുവിരിച്ചു നിന്നുകൊണ്ട് നേര്‍ക്കുനേര്‍ ബെന്നി ബെഹനാനും എം.എല്‍.എ മാരും മറ്റുകോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന കാഴ്ച്ച വ്യത്യസ്തമായരുന്നു എന്നു പറയാതെ വയ്യ. ബെന്നി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ. അകത്തുള്ള സി.ഐയോടു പറയുന്നു, തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. അപകടമാണ് ഈ കളി. പൊലീസിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പരിധി വിട്ടാല്‍ പൊലീസിനോട് ഞങ്ങള്‍ക്ക് മമതയില്ല. ഞങ്ങള്‍ ഞങ്ങളുടെ പണിനോക്കും. തെറ്റിദ്ധരിക്കേണ്ട. സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് പരമാവധി ശ്രമിച്ചു. അവര്‍ ജലപീരങ്കി ഉപയോഗിച്ചു. പക്ഷേ പ്രവര്‍ത്തകരുടെ സമര വീര്യത്തെ ഉത്തേജിപ്പിക്കാന്‍ മാത്രമേ അതൊക്കെ ഉപകരിച്ചുള്ളൂ. പ്രായമായ പ്രവര്‍ത്തകര്‍ പോലും ജലപീരങ്കിക്കു മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന കാഴ്ച്ച ആവേശകരമായിരുന്നു.

സമരം മൂന്നു ദിവസം അചഞ്ചലമായി തുടര്‍ന്നു. ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ സമരഭൂമിയില്‍ അത്യാവേശപൂര്‍വം മുദ്രാവാക്യം വിളികളുമായി തുടര്‍ന്നു. മൂന്നാം ദിവസം സര്‍ക്കാര്‍ മുട്ടുമടക്കി.

സര്‍ക്കാറല്ല, പിണറായി വിജയന്‍ മുട്ടുമടക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമ മന്ത്രി പി. രാജീവ് മോഫിയയുടെ മാതാപിതാക്കളെ നേരിട്ട് സന്ദര്‍ശിച്ചു സി.ഐ സി.എല്‍ സുധീറിനെ സസ്‌പെന്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. സമരം വിജയിച്ചു. എങ്ങിനെയാണ് ആ മൂന്നുദിന സമരം പൊലീസിന് എന്തു വൃത്തികേടുകളും ചെയ്യാന്‍ അനുവാദം നല്‍കിയ പിണറായി വിജയനെ മുട്ടുകുത്തിച്ചത് ?. എന്താണ് ഈ സമരം പ്രതിപക്ഷത്തിനു നല്‍കുന്ന പാഠം ?. ഈ സമരം നല്‍കുന്ന ഏറ്റവും പ്രധാന പാഠം ഇത് ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ സംഘടിപ്പിക്കപ്പെട്ട സമരമായിരുന്നു എന്നതാണ്. കുറ്റാരോപിതനായ സി.ഐ യെ സസ്‌പെന്റു ചെയ്യാതെ പിന്നോട്ടില്ല എന്നു പ്രഖ്യാപിച്ച സമരക്കാര്‍ ആ ആവശ്യം അംഗീകരിക്കുന്നതുവരെ ഒരിഞ്ചു പിന്നോട്ടുപോകാതെ തെല്ലും വിട്ടുവീഴ്ച്ചയില്ലാതെ പോരാടി. പൊലീസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഈ സമരോത്സുകത ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ ആകെ ഉത്തേജിപ്പിച്ചു. ബെന്നിബെഹനാന്‍ എന്ന മുതിര്‍ന്ന നേതാവ് പൊലീസിനു മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന് മറ്റു രണ്ട് യുവ എം.എല്‍.എ മാരൊടൊപ്പം പോരാടി. ആവശ്യം അംഗീകരിക്കാതെ തെല്ലും പിന്നോട്ടല്ല എന്നവര്‍ പ്രഖ്യാപിച്ചു. ആവശ്യം പോരാടി നേടിയിട്ടേ അവര്‍ പിന്മാറിയുള്ളൂ.

തീക്ഷ്ണവും സമാധാനപരവുമായ ജനകീയ സമരങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താനാവൂ. ഈ തീക്ഷ്ണ സമരങ്ങള്‍ക്കുമുന്നില്‍ ഏത് ഏകാധിപതിയും അടിതെറ്റിവീഴും. പിണറായി വിജയനും വീണത് അങ്ങനെയാണ്. എറണാകുളത്തെ ത്രിദിന സമരം ചൂണ്ടിക്കാട്ടുന്നത് അതാണ്. അതുമാത്രമാണ്.

Test User: