കെ.മൊയ്തീന്‍കോയ
കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചെക് റിപ്പബ്ലിക്കില്‍ കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റും ലഭിക്കാതെ ക്ലീന്‍ ഔട്ടായ വാര്‍ത്ത രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നില്ല. അതി സമ്പന്നനായ പ്രധാന മന്ത്രി ആന്‍ഡേജ് ബാബിയുടെ ഭരണമുന്നണിയുടെ ഭാഗമായിരുന്നു കമ്മ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. കിഴക്കന്‍ യൂറോപ്പിലെ തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ പിന്നീടൊരിക്കലും തിരിച്ച് വരാന്‍ അന്നാട്ടിലെ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. ജനാധിപത്യ സമ്പ്രദായം ശക്തിപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒറ്റപ്പെട്ടു. പഴയ സോവിയറ്റ് യൂണിയന്‍ റിപ്പബ്ലിക്കുകളിലും സ്ഥിതി മറിച്ചല്ല. വഌഡ്മിര്‍ പുട്ടിന്റെ സ്വേഛാധിപത്യ നയങ്ങളെ എതിര്‍ക്കാന്‍ പോലും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നില്ല. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നത് അഞ്ച് രാജ്യങ്ങളില്‍ മാത്രം .!!
1968ല്‍ അന്നത്തെ ചെകോസ്ലോവാക്യയില്‍ കമ്യൂണിസ്റ്റ് തലവനും പ്രധാന മന്ത്രിയുമായിരുന്ന അലക്‌സാണ്ടര്‍ ഡുബക്കിന്റെ നേതൃത്വത്തില്‍ ഭരണപരിഷ്‌കരണത്തിന് നീക്കം നടന്നതായിരുന്നു. സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് പിന്നീട് നടത്തിയ ഭരണ പരിഷ്‌കരണ നീക്കത്തിന് സമാനസ്വഭാവമുള്ളതായിരുന്നു ചെക് നേതാവിന്റെ സമീപനം. പക്ഷേ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍ അന്ന് സമ്മതിച്ചില്ല. സോവിയറ്റ് ചെമ്പട ചെകോസ്ലോവാക്യയില്‍ കടന്ന് കയറി, അലക്‌സാണ്ടറെ പുറത്താക്കി. പിന്നീട് സോവിയറ്റ് അധിനിവേശം…..!! രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ചെക്കില്‍ പ്രകടമായ പരിഷ്‌ക്കരണവാദം ഏറ്റെടുത്ത് നടപ്പാക്കാന്‍ സോവിയറ്റ് യൂണിയന്‍ തന്നെ മുന്നോട്ട് വരികയാണുണ്ടായത്. (ചെക്കോസ്ലാവാക്യ പിന്നീട് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. (ചെക് റിപ്പബ്ലിക്കും സ്ലോവാക്യയും) അലക്‌സാണ്ടര്‍ ഡുബക് സ്വപ്‌നം കണ്ട ‘പ്രാഗ് ‘വസന്തം’ ആണ് ഗോര്‍ബച്ചേവ് പരിഷ്‌ക്കരണമായി അവതരിപ്പിച്ചതും കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരുന്നതിന് കാരണമായതും. ഇതോടെ രണ്ടാം ലോകമഹായുദ്ധത്തോടെ ഉയര്‍ന്ന് വന്ന സോഷ്യലിസ്റ്റ് ബ്ലോക്ക് തകര്‍ന്നടിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് രാഷ്ട്രീയമായി വിഭജിക്കപ്പെട്ടു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായി. സോവിയറ്റ് മേല്‍ക്കോയ്മ അംഗീകരിച്ചു. ഇവയെല്ലാം ചേര്‍ന്ന് സോവിയറ്റ് നേതൃത്വത്തില്‍ വാഴ്‌സാ സൈനിക സഖ്യം രൂപീകരിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യവും. ശീതയുദ്ധം ലോകമാകെ ഭീതിജനകമാക്കി. ബള്‍ഗേറിയ, ചെക്കോസ്ലാവാക്യ, പശ്ചിമജര്‍മനി, ഹങ്കറി, റുമാനിയ, അല്‍ബേനിയ, ബോസ്‌നിയ, ക്രോയേഷ്യ, മാസിഡോണിയ, മോണ്‍ട്രിഗോ, സെര്‍ബിയാ സ്ലോവേനിയ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അംഗോള, ബെനിന്‍ കോംഗോ റിപബ്ലിക്, എത്യോപ്യ, സോമാലിയ, എരിട്രിയ, മൊസാബിക് എന്നിവയും ഏഷ്യയില്‍ അഫ്ഗാന്‍, കമ്പോഡിയ, മംഗോളിയ, യമന്‍ എന്നിവയും കമ്മ്യൂണിസ്റ്റ് അധികാരം കയ്യടക്കിയ രാജ്യങ്ങളായിരുന്നു. കമ്മ്യുണിസ്റ്റ് സഹയാത്രികര്‍ അധികാരം കയ്യാളിയ രാജ്യങ്ങള്‍ നിരവധി വേറെയുമുണ്ട്.
കമ്മ്യൂണിസ്റ്റ് ഭരണകൂടം അവശേഷിക്കുന്നത് ചൈന, ക്യൂബ, ഉത്തര കൊറിയ, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളില്‍ മാത്രമാണ്. ആദ്യമായി പിറവി എടുത്ത കമ്മ്യൂണിസ്റ്റ് ഭരണകൂടം സോവിയറ്റ് റഷ്യയില്‍ ഏഴ് പതിറ്റാണ്ട് കഴിയുമ്പോഴേക്കും തകര്‍ന്നടിഞ്ഞു. രാഷ്ട്ര ഏകീകരണത്തിന് കമ്യൂണിസ്റ്റ് പ്രത്യയശാസത്രം പര്യാപ്തമല്ലെന്ന് തെളിയിക്കുന്നത് സോവിയറ്റ് തകര്‍ച്ചയോടെ നിലവില്‍ വന്ന 14 പ്രവിശ്യ റിപ്പബ്ലിക്കുകള്‍. 1917ല്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയെ പുറത്താക്കി താല്‍ക്കാലിക ഭരണകൂടം വരികയും തുടര്‍ന്ന് വഌദ്മിര്‍ ലെനിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണുണ്ടായതെങ്കിലും ഏഴ് പതിറ്റാണ്ടിന് ശേഷം ശിഥിലമായി. പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബറിലാണ് വിപ്ലവം നടന്നത്. അതിനാല്‍ ഇത് ഒക്ടോബര്‍ വിപ്ലവം എന്നറിയപ്പെടുന്നു. എന്നാല്‍ 20 ാം നൂറ്റാണ്ടിലെ സുപ്രധാന രാഷ്ട്രീയ സംഭവം എന്ന് കമ്യൂണിസ്റ്റ് ലോകം അവകാശപ്പെടുമ്പോള്‍ വിപ്ലവ വാര്‍ഷികം റഷ്യയില്‍ പോലും ആഘോഷിക്കാറില്ല. ഇതിന് ഉണ്ടായിരുന്ന അവധി 1996ല്‍ റഷ്യ റദ്ദാക്കുകയും ചെയ്തു. അത്രമാത്രം കമ്മ്യൂണിസം ജനമനസുകളില്‍ നിന്ന് അകന്നു കഴിഞ്ഞു. ഗ്ലാസ് നോസ്റ്റും പെരിസ്‌ട്രോയിക്കയുമായി പ്രത്യക്ഷപ്പെട്ട ഗോര്‍ബച്ചേവ് അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസത്തെ തകര്‍ത്തു. ഭരണ കര്‍ത്താക്കളുടെ ജനവിരുദ്ധവും ഏകാധിപത്യവുമായ പ്രവണതയും ഈ തകര്‍ച്ചക്ക് കാരണമായി.